കൊച്ചി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിവിധ മേഖലയിലെ വിദഗ്ദ്ധരുൾപ്പെടുന്ന വിശാലവേദിയുടെ നിയന്ത്രണത്തിലാക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ മുഖ്യമന്ത്രിക്ക് അയച്ച തുറന്നകത്തിൽ ആവശ്യപ്പെട്ടു.

ജനുവരി 30 മുതൽ മേയ് 2 വരെ കേരളത്തിൽ 162 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലായ് 28 ആയപ്പോൾ രോഗികളുടെ എണ്ണം 20,894 ആയി. ജൂലായ് 28 ന് മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടത് 1167 പേർക്കാണ്. കേരളത്തിൽ ആദ്യത്തെ 1000 പേരിൽ രോഗമെത്താൻ 118 ദിവസങ്ങളും രണ്ടാത്തെ 1000 പേരിലെത്താൻ 9 ദിവസവും മൂന്നാമത്തെ 1000 പേരിൽ രോഗമെത്താൻ നാലുദിവസവുമാണെടുത്തത്. വിദേശത്തുനിന്ന് കേരളത്തിലെത്തിയ ദശലക്ഷത്തിലധികം പേരിൽ കേവലം 1.7 ശതമാനം പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമാറിയാത്ത രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. സർക്കാർ കണക്ക് പ്രസിദ്ധികരിച്ച് തുടങ്ങിയ ജൂലായ് 13 മുതൽ ജൂലായ് 28 വരെയുള്ള ദിവസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്ത ഉറവിടമാറിയാത്ത രോഗികളുടെ എണ്ണം 685 ആണ്. ജൂലായ് 1-28 കാലഘട്ടങ്ങളിൽ 260 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ രോഗം കടിഞ്ഞാണില്ലാത്ത പടരുകയാണ്. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ സ്ഥിതി സ്‌ഫോടനാത്മകമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റെ മാത്രം നേതൃത്വത്തിൽ മുന്നോട്ടുപോയാൽ സാഹചര്യം കൂടുതൽ വഷളാവുകും. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പൊതുജനാരോഗ്യ വിദഗ്ദ്ധർ, പൊതുജനാരോഗ്യവുവമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിലും അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിച്ചു പരിചയമുള്ളവർ, സാമ്പത്തിക വിദഗ്ദ്ധർ എന്നിവരുൾപ്പെടുന്ന വിശാലവേദി അടിയന്തിരമായി രൂപീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.