road
തകർന്ന പുതുപ്പനം കക്കാട്ടുപാറ റോഡ്

കോലഞ്ചേരി: പുതുപ്പനം കക്കാട്ടുപാറ കനാൽ റോഡ് അവഗണനയുടെ കുണ്ടും കുഴിയിലും തന്നെ. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പുതുപ്പനം കവലയിൽ നിന്നും കക്കാട്ടുപാറയ്ക്ക് പോകുന്ന ഒരു ലിങ്ക് റോഡാണിത്. ദേശീയപാതയിൽ നിന്നും ഇതുവഴി രാമമംഗലം , പിറവം ,കൂത്താട്ടുകുളം എന്നിവിടങ്ങളിലേയ്ക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ റോഡിൽ ഗതാഗത തിരക്കും കൂടുതലാണ്. മഴക്കാലത്ത് ഈ വഴിയിലെ യാത്ര ദുരിതപൂർണമാണ്.

# അറ്റകുറ്റപണികൾ നടത്തിയില്ല

ടാറിംഗ് പൊട്ടി പൊളിഞ്ഞതിനുശേഷം ,അ​റ്റകു​റ്റപണികൾ നടത്തിയിട്ടില്ല. റോഡിന്റെ ഒരു വശത്തുകൂടി പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ടിന്റെ ഹൈലെവൽ കനാൽ കടന്നുപോകുന്നതു കൊണ്ട് അപകട സാദ്ധ്യതയും കൂടുതലാണ് .

# കാടുകയറി കനാൽ ബണ്ട്

റോഡിന്റെ ഇരുവശങ്ങളിലെ കനാൽ ബണ്ട് കാടുകയറി കിടക്കുന്നതിനാൽ കാൽനട യാത്രക്കാരും,ഇരുചക്ര വാഹനയാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുന്നു . എതിരെ വാഹനങ്ങൾ വരുമ്പോൾ വഴി മാറുവാനും നിർവാഹമില്ലാതെ അസ്ഥയാണ്.

# പരാതി നൽകിയിട്ടും നടപടിയില്ല

പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല .പൂതൃക്ക പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ രണ്ടുവശങ്ങളും രണ്ടു വാർഡുകളിൽ പെട്ടിരിക്കുന്നതിനാൽ രണ്ടു മെമ്പർമാരുടെയും കനിവിനുവേണ്ടി കാത്തിരിക്കുകയാണ് നാട്ടുകാർ.