ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ചിലർ കൊവിഡ് പരിശോധനക്കെത്തുന്നതും മാനദണ്ഡം പാലിക്കാതെയെന്ന് പരാതി. ഓട്ടോറിക്ഷയിൽ മൂന്നും നാലും പേർ വരെയിരുന്ന് കൊവിഡ് പരിശോധനക്കെത്തുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് പലരും ചിന്തിക്കുന്നില്ല.
ഇത്തരത്തിൽ വരുന്നവരിൽ ആരെങ്കിലും കൊവിഡ് പോസറ്റീവായാൽ ദിവസങ്ങൾക്കകം കൂടെയുണ്ടായിരുന്നവർക്കും രോഗം പിടിപെടും. ഏതെങ്കിലും കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ പെട്ടവർക്കാണ് ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുന്നത്. നിരീക്ഷണ കാലാവധിക്ക് ശേഷം തനിച്ച് വരേണ്ടവരാണ് ഇത്തരത്തിൽ സംഘമായി വരുന്നത്. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷയിൽ നാല് പേർ വരുന്നത് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.