കൊച്ചി: സ്വർണക്കടത്തിൽ യു.എ.ഇ കോൺസലാർ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്കും പങ്കുണ്ടെന്ന് സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റംസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഓരോ തവണയും കൈക്കൂലിയായി പണം നൽകിയിരുന്നു.
അറ്റാഷെ റാഷിദ് ഖാമിസിന് പണം നൽകിയിരുന്നതായി ഒന്നാം പ്രതി സരിത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൊഴിയെടുക്കാൻ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയതിന് പിന്നാലെ അറ്റാഷെ രാജ്യം വിടുകയും ചെയ്തു. ജമാൽ ഹുസൈന്റെ മൊഴിയെടുക്കാനുള്ള അനുമതിക്കായി മന്ത്രാലയത്തിന് വീണ്ടും കത്തുനൽകും.
കൊവിഡ് വ്യാപിക്കുന്നതിന് മുമ്പാണ് ജമാൽ സകുടുംബം ദുബായിലേക്ക് പോയത്. തുടർന്ന് അറ്റാഷെയ്ക്കായിരുന്നു ചുമതല.
ബാഗേജ് തടഞ്ഞുവച്ചതിനു പിന്നാലെ, അഞ്ചു ദിവസങ്ങളിലായി പലതവണ സ്വപ്നയും അറ്റാഷെയും ഫാേണിൽ സംസാരിച്ചിരുന്നു. സ്വപ്നയെയും സന്ദീപിനെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്.
ഫൈസൽ റെമീസിന്റെ
ഇടനിലക്കാരനെന്ന്
നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റെമീസിനെ എൻ.ഐ.എയും ചോദ്യം ചെയ്യുകയാണ്. ഫൈസൽ ഫരീദ് ദുബായിൽ തന്റെ ഇടനിലക്കാരനായിരുന്നെന്ന് റെമീസ് വെളിപ്പെടുത്തി.