vadakkekara-panchayath
വടക്കേക്കര പഞ്ചായത്തിലെ കൃഷി

പറവൂർ: ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി തീരദേശ പഞ്ചായത്തായ വടക്കേക്കര മാറുകയാണ്. സംസ്ഥാന സർക്കാരിന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയെന്ന നിർദ്ദേശം വടക്കേക്കര ഇതിനകം വിജയകരമായി നടപ്പിലാക്കി. ഹരിത കേരള മിഷനും കാർഷിക വികസന കർഷക ക്ഷേമവകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൈകോർത്താണ് പദ്ധതി. പഞ്ചായത്തിന്റെ കീഴിൽ രൂപീകരിച്ച അമ്പത്തൊന്ന് അംഗ സംഘാടക സമിതിയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. തരിശുരഹിത ഗ്രാമമെന്ന ലക്ഷ്യത്തോടെ ഇരുപത് വാർഡുകളിൽ സംഘാടക സമിതികൾ രൂപീകരിച്ചായിരുന്നു തുടക്കം. കൃഷിയോഗ്യമായ തരിശുസ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ഫീൽഡുതല പരിശോധനക്കായി കൃഷി അസിസ്റ്റന്റുമാരെ ചുമതലപ്പെടുത്തി. തരിശുൾപ്പെടെ കൃഷിയോഗ്യമായ 125 ഏക്കറോളം സ്ഥലം കണ്ടെത്തി. ഇവിടങ്ങളിൽ ഏതുതരം വിളകൾ കൃഷി ചെയ്യാമെന്ന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ രൂപരേഖ തയ്യാറാക്കി.

# സംയുക്ത പ്രവർത്തനം

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലും സഹകരണ ബാങ്കുകളുടെയും സഹായത്തോടെയും നിലമൊരുക്കൽ പ്രവർത്തനങ്ങൾ നടത്തി. കൃഷിയിറക്കാനാവശ്യമായ നടീൽ വസ്തുക്കൾ വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ വഴിയും സഹകരണ ബാങ്കുകളുടെ സഹായത്തോടെയും സൗജന്യമായി വിതരണം ചെയ്തു. പച്ചക്കറികൃഷി, നെൽകൃഷി, കിഴങ്ങുവർഗ്ഗ വിളകൾ, വാഴകൃഷി എന്നിവക്ക് മുൻഗണന നൽകി. മത സ്ഥാപനങ്ങൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ ജനകീയ പങ്കാളിത്തത്തോടെ കൃഷിയാരംഭിച്ചു.

# കൃഷി സജ്ജം

തൈ ഉൽപ്പാദക നഴ്സറി വഴി തരിശു സ്ഥലങ്ങളിൽ നടാനായി 80,000ത്തോളം തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും കൃഷിയാരംഭിച്ച് ഹരിതവിദ്യാലയം പദ്ധതി നടപ്പിലാക്കി. സുഗന്ധ ഔഷധനെല്ലിനങ്ങളായ ഞവര, ഗന്ധകശാല, രക്തശാലി തുടങ്ങിയവും തരിശുരഹിത കൃഷിയുടെ ഭാഗമായി. നെൽപ്പാടങ്ങളോ നെൽവയലുകളോ ഇല്ലാത്ത വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നെൽകൃഷി ഇപ്പോൾ സജീവമാണ്.