കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വെള്ളക്കെട്ടിനെ രാഷ്ട്രീയമായി നേരിടാൻ യു.ഡി.എഫ്. ജില്ല ഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലെ ഏകോപനമില്ലായ്മ മൂലമാണ് കഴിഞ്ഞ ബുധനാഴ്ചത്തെ മഴയിൽ നഗരം വെള്ളത്തിലായതെന്നാണ് കോർപ്പറേഷൻ ഭരണസമിതിയുടെ വിലയിരുത്തൽ. നാലിന് ഹൈക്കോടതിയിലും ഇതേ വിശദീകരണം നൽകാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ പ്രതിനിധികളുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ ഒരുഘട്ടത്തിലും കോർപ്പറേഷനുമായി കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ പദ്ധതികൾ നടപ്പാക്കുമ്പോൾ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിയാലോചന ഉണ്ടാകണമെന്ന അടിസ്ഥാന തത്വംപോലും പാലിക്കാതെയാണ് ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി നഗരസഭാ അതിർത്തിയിൽ ജില്ലാഭരണകൂടം നടപ്പാക്കിയതെന്ന് മേയർ സൗമിനി ജെയിൻ യോഗത്തിൽ അറിയിച്ചു. നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തികളെ ഇതു ബാധിച്ചു. കൊവിഡ് സുരക്ഷാനിയമങ്ങൾ മൂലം പ്രവൃത്തികൾ യഥാസമയം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നും മേയർ യോഗത്തിൽ പറഞ്ഞു.
അഞ്ചുമണിക്കൂറിലേറെ തുടർച്ചയായി മഴ പെയ്താൽ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് സാധാരണയാണ്. മഴമാറി അരമണിക്കൂറിനുള്ളിൽ വെള്ളം ഒഴുകിപ്പോകും. ചൊവ്വാഴ്ച രാത്രി തുടങ്ങി പിറ്റേന്ന് രാവിലെവരെ 12 മണിക്കൂർ തുടർച്ചയായി മഴ പെയ്തതിനാലാണ് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തവിധം കായലിൽ ജലനിരപ്പ് ഉയരുകയും ഉണ്ടായി. ഇക്കാര്യങ്ങൾക്ക് പുറമേ കൊവിഡിന്റെ പശ്ചാത്തലത്തിൽ വർക്കുകൾ പൂർത്തിയാക്കുന്നതിലുണ്ടായ തടസങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. റിപ്പോർട്ട് തയ്യാറാക്കാൻ മുതിർന്ന നേതാക്കൾ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.
മേയർക്കെതിരെ വിമർശനം
ഭരണകാര്യങ്ങളിൽ മേയർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നുവെന്ന പതിവ് ആക്ഷേപം ഇത്തവണയും യോഗത്തിലുണ്ടായി. മുതിർന്ന കൗൺസിലർമാരുമായോ പാർട്ടിനേതൃത്വമായോ കൂടിയാലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്നതിലെ പാളിച്ചകളാണ് ഇപ്പോഴുണ്ടാകുന്ന ആക്ഷേപങ്ങൾ. ഭരണസമിതിയുടെ കാലാവധി തീരാൻ രണ്ടു മാസം മാത്രം അവശേഷിക്കുന്നതിനാൽ എല്ലാവരെയും ഒപ്പംനിർത്തിയുള്ള ഭരണമാണ് വേണ്ടതെന്ന് മുൻ ഡി.സി.സി പ്രസിഡന്റു കൂടിയായ വി.ജെ. പൗലോസ് ഓർമ്മിപ്പിച്ചു. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് മേയറെ ലക്ഷ്യമാക്കി എൽ.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു.ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, കോർപ്പറേഷൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എം.ബി. മുരളീധരൻ, ഡി.സി.സി ഭാരവാഹികളായ എൻ.വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, കൗൺസിലർമാരായ കെ.വി.പി. കൃഷ്ണകുമാർ, കെ.ഡി. മാർട്ടിൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.