തൃപ്പൂണിത്തുറ: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ മരണമടഞ്ഞ തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മയുടെ (85) മൃതദേഹം കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ പള്ളി കോമ്പൗണ്ടിൽ ദഹിപ്പിച്ചു. ആദ്യമായാണ് യാക്കോബായസഭയുടെ പള്ളി കോമ്പൗണ്ടിൽ മൃതദേഹം ദഹിപ്പിക്കുന്നത്.
തൃപ്പൂണിത്തുറ നഗരസഭയിലെ ആദ്യ കൊവിഡ് മരണമാണിത്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ വൈകിട്ട് കരിങ്ങാച്ചിറ പള്ളിയുടെ മുന്നിൽ കൊണ്ടുവന്നു. കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഫാ. ജേക്കബ് കുരുവിള, ഫാ. എബിൻ ബേബി, ഫാ. ജോഷി ചിറ്റേത്ത് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ചരമ ശുശ്രൂഷകൾ നടത്തി. തുടർന്ന് കൊച്ചി ഭദ്രാസനത്തിന്റെ സന്നദ്ധസേനാ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും ചേർന്നു പള്ളി കോമ്പൗണ്ടിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ ഗ്യാസ് ക്രിമറ്റോറിയത്തിൽ ദഹിപ്പിച്ചു. ഭൗതികാവശിഷ്ടങ്ങൾ കുടുംബകല്ലറയിൽ അടക്കംചെയ്യും.
ഇവരുടെ ആരോഗ്യപ്രവർത്തകയായ മകൾക്കും ഭർത്താവിനും മകനും നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവരുടെ പരിശോധനാഫലം ഇപ്പോൾ നെഗറ്റീവാണ്. മക്കൾ: സി.എം.കുര്യൻ, സി.എം. മാത്യു , പൗലോസ്, സൂസി, പരേതയായ മിനി.
മരുമക്കൾ: ഷാലി, ഷീലു, മേഴ്സി, ബേബി.