കൊച്ചി : പാത ഇരട്ടിപ്പിക്കൽ കരാറിൽ ക്രമക്കേടുകാട്ടി 5.25 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് സി.ബി. ഐ 16 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ റെയിൽവേയിലെ മുൻ സീനിയർ ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ എറണാകുളം സി. ബി. ഐ കോടതി വെറുതെവിട്ടു.
എക്സിക്യൂട്ടീവ് എൻജിനീയർ ടി.പി. അയ്യപ്പൻ കർത്ത, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുനിൽകുമാർ ബൻസാൽ, സെക്‌ഷൻ എൻജിനീയർ കെ.ടി. വർഗീസ്, ബിസിനസുകാരായ കെ. വാങ്ലി, എം. ബാലു എന്നിവരെയാണ് വെറുതെവിട്ടത്.
ഷൊർണൂർ - മംഗലാപുരം റൂട്ടിലെ കണ്ണൂർ - ഉപ്പള സെക്‌ഷനിൽ പാതഇരട്ടിപ്പിക്കലിന് റെയിൽ മാർഗ്ഗം എത്തിച്ച പാറ റോഡ് മാർഗം എത്തിച്ചെന്ന് വ്യാജ രേഖയുണ്ടാക്കി തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്. എന്നാൽ റോഡ് മാർഗം പാറ എത്തിച്ചില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില മേഖലകളിലെങ്കിലും പാറ ലോറിയിൽ എത്തിച്ചിട്ടുണ്ടെന്നത് തള്ളിക്കളയാനാവില്ലെന്നു വ്യക്തമാക്കിയ വിചാരണക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.