തൃക്കാക്കര : വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ ആക്രമിച്ചു. കാക്കനാട് വി.എസ്.എൻ.എൽ റോഡിലെ സ്വകാര്യ ഫ്ലാറ്റിനു സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളായ പ്രിയ (3) അക്ഷയ് കുമാർ (7) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പ്രിയയുടെ നില ഗുരുതരമാണ്. സഹോദരങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തേക്ക് ഓടിയെത്തിയ തെരുവുനായ കുട്ടികളെ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. തെരുവുനായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.ഗുരുതരമായി കടിയേറ്റ കുട്ടിയെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും വാക്സിൻ ഉണ്ടായിരുന്നില്ല. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സ്വകാര്യ ഫ്ലാറ്റിനു സമീപത്തുള്ള ഒരാൾ ദിവസവും തെരുവുനായ്ക്കൾക്ക് ഇറച്ചിയടക്കമുള്ള ഭക്ഷണം നൽകിയിരുന്നു. ഇതോടെ ആക്രമണത്തിനിരയായ കുട്ടികളുടെ വീടിനു സമീപത്തെ തുറസായ സ്ഥലം തെരുവുനായ്ക്കളുടെ കേന്ദ്രമായി. മുമ്പും ഇതുവഴി പോകുന്ന യാത്രക്കാരെയടക്കം തെരുവ് നായ ആക്രമിച്ചിട്ടുണ്ട്.


ധനസഹായം നൽകും
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾക്ക് ചികിത്സ സഹായം നൽകും.ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ നടപടി സ്വീകരിച്ചു.

ഉഷ പ്രവീൺ
ചെയർപേഴ്സൻ

തൃക്കാക്കര നഗരസഭ