നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്ഥാപനമായ ബി.ഡബ്‌ളിയു.എഫ്.എസ് കമ്പനി 50 ശതമാനം തൊഴിലാളികലളെ പിരിച്ചു വിടുവാൻ നോട്ടീസ് നൽകിയതിനെതിരെ യൂണിയനുകൾ രംഗത്ത്.

# 600 പേർക്ക് പരിച്ചുവിടൽ നോട്ടീസ്

1200 ഓളം പേർ കരാർ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും 600 പേർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. കൊവിഡിന്റെ മറവിൽ 11 വർഷം വരെ സർവീസുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇക്കാലയളവിൽ കാർഗോ യാത്ര വിമാനങ്ങളിൽ നാമമാത്രമായ കുറവുകളാണുണ്ടായതെന്ന് തൊഴിലാളികൾ പറയുന്നു.

# പിരിച്ചുവിടൽ തൊഴിൽ നിയമം പാലിക്കാതെ

തൊഴിൽ നിയമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടപടി. 100ൽ കൂടുതൽ ജീവനക്കാരരെ പിരിച്ചു വിടാൻ സർക്കാരിന്റ മുൻകൂട്ടി അനുവാദം വാങ്ങണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്നും യൂണിയനുകൾ കുറ്റപ്പെടുത്തി. ദീർഘകാല കരാർ ചർച്ച നടക്കുന്ന സമയത്ത് ഇതിൽനിന്നും ഒളിച്ചോടുവാൻ ബോധപൂർവം നടത്തിയ നീക്കമാണിതെന്നും യൂണിയൻ നേതാക്കളായ വി.പി. ജോർജ് (ഐ.എൻ.ടി.യു.സി), എൻ.സി. മോഹനൻ (സി.ഐ.ടി.യു), വി.കെ. അനിൽകുമാർ (ബി.എം.എസ്) എന്നിവർ ആരോപിച്ചു.