കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിനെ കണ്ടെയ്ൻമെന്റാക്കി, ഒഴിവാക്കി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെെയ്ൻമെന്റാക്കിയെന്ന പത്രക്കുറിപ്പ് നാടിനെയും, പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പിനെയും തെല്ലുന്നുമല്ല ആശങ്കയിലാക്കിയത്. വ്യാഴാഴ്ച വൈകിട്ട് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിലാണ് ഐക്കരനാട്ടിലെ മുഴുവൻ വാർഡുകളും കണ്ടെെയ്ൻമെന്റിലാക്കിയതായി റിപ്പോർട്ടു വന്നത്. പഞ്ചായത്തിലെ രണ്ട് ആശ പ്രവർത്തകർക്ക് കൊവിഡ് പോസിറ്റീവായതായി ലഭിച്ച പ്രാഥമിക പരിശോധന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. എന്നാൽ ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിൽ ഒരാളുടെ നെഗറ്റീവ് ആയതായി കണ്ടെത്തി. ഒരു ഫലം വരാനിരിക്കുന്നതേയുള്ളൂ. ഇന്നലെ ഇറക്കിയ ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പിൽ ഐക്കരനാട് കണ്ടെയ്ൻമെന്റിൽ നിന്നും ഒഴിവാക്കിയതായി പറയുന്നു.ഒറ്റ ദിവസം കണ്ടൈൻമെന്റ് സോണാക്കിയ വാർത്തകൾ വിവിധ ചാനലുകളിലും, ഓൺ ലൈൻ മാദ്ധ്യമങ്ങളിലും നിറഞ്ഞതോടെ നാട്ടുകാർക്കുണ്ടായ ആശങ്ക ഇന്നലത്തോടെ അവസാനിച്ചു.