കൊച്ചി: സോഷ്യലിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ ഭാരവാഹിയും ജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഇടപ്പള്ളി പൈപ്പ്ലൈൻ റോഡ് തോപ്പിൽ ആലുങ്കൽ ദേവസി (80) നിര്യാതനായി. പനിയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനാഫലം ലഭിച്ചശേഷം ഇന്ന് സംസ്കാരിക്കും. ഭാര്യ: ബേബി വരാപ്പുഴ വിതയത്തിൽ കുടുംബാംഗമാണ്. മക്കൾ : ആലുങ്കൽ ജോർജ്, പോൾ ആലുങ്കൽ. മരുമക്കൾ: ടിന്റു ജോർജ്, നിഹിൽ പോൾ.
സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചതുമുതൽ പ്രവർത്തകനായിരുന്നു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ജനതാപാർട്ടി രൂപം കൊണ്ടപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നീട് ജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റായി.
അടിയന്തരാവസ്ഥക്കാലത്ത് രണ്ടുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.എം.ജേക്കബിനെതിരെ പിറവത്തും 1991ൽ പെരുമ്പാവൂരിൽ പി.പി തങ്കച്ചനെതിരെയും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
കൊച്ചി കപ്പൽശാല ബോർഡ് അംഗമായിരുന്നു. കെ.എസ്.എഫ്.ഇ ബോർഡ് അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കളമശേരി,ഏലൂർ മേഖലകളിൽ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു.