ഫോർട്ടുകൊച്ചി: മനസിൽ ബാക്കി വെച്ച ഗസൽ ഈണങ്ങൾ മുഴുമിപ്പിക്കാനാകാതെ ഗസൽ രാജാവ് ഉമ്പായി ഓർമ്മയായിട്ട് ഇന്നേക്ക് 2 വർഷം. മീൻ കച്ചവടക്കാരനായും തോണിക്കാരനുമായി തീഷ്ണമായ നിരവധി ജീവിതാനുഭവം അദ്ദേഹത്തിനുണ്ടായി. മുംബയ് ജീവിതാനന്തരം മുജാവർ അലി ഖാന്റെ ശിഷ്യനായി. ഫോർട്ടുകൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ എന്ന ഉമ്പായിയുടെ ജീവിതം വിഷാദാത്മകമായ ഗസൽ പോലെ തന്നെ ദു:ഖരാഗങ്ങൾ നിറഞ്ഞതായിരുന്നു.
കൽവത്തി സർക്കാർ സ്ക്കൂളിൽ പഠിക്കുമ്പോൾ തബലയോടായിരുന്നു താൽപര്യം. തബലിസ്റ്റാകാനുള്ള മോഹം കൈവെടിഞ്ഞു. സ്വന്തമായി റേഡിയോ eപാലും വീട്ടിൽ ഇല്ലായിരുന്നു. സ്ക്കൂൾ വിട്ടാൽ മട്ടാഞ്ചേരി സ്റ്റാർ തിയേറ്റർ പരിസരത്ത് എത്തി പാട്ടു കേൾക്കും. സിലോൺ റേഡിയോയിലെ ബിനാക്ക ഗീത് മാല കേൾക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിൽ എത്തും. ആസ്വാദകർ എത് ഗസൽ ആവശ്യപ്പെട്ടാലും അദ്ദേഹത്തിന് പാടാൻ കഴിയുമായിരുന്നു. കവി സച്ചിദാനന്ദൻ, ഒ. എൻ.വി തുടങ്ങിയവരുടെ കവിതകൾക്കും ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. ഉമ്പായി ആലപിച്ച ഗാനങ്ങൾ മലയാളികൾ നെഞ്ചിലേറ്റി.
പാടുക സൈഗാൾ പാടൂ, ഒരിക്കൽ നീ പറഞ്ഞു സുനയനേ സുമുഖി, വീണ്ടും പാടാം സഖീ ,അകലെ മൗനം പോൽ ഗാനപ്രിയരേ തുടങ്ങി മലയാളികളുടെ മനസിൽ പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ലഹരി പടർത്തുന്ന നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. 15 ൽ അധികം ഗസൽ ആൽബങ്ങൾ ഉമ്പായിക്ക് സ്വന്തമാണ്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങളും തന്റേതായ ശൈലിയിലൂടെ പുനരാവിഷ്ക്കരിച്ചു.നാല് പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്ക്കരണത്തിലൂടെയും വലിയ ആസ്വാദകരെ നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.