ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജി.എസ്.ടി)​ ഇനത്തിൽ ജൂണിൽ കേന്ദ്രസർക്കാർ സമാഹരിച്ചത് 90,​917 കോടി രൂപ. കഴിഞ്ഞവർഷം ജൂണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം മാത്രമാണ് കുറവ്. 99,​940 കോടി രൂപയായിരുന്നു 2019 ജൂണിലെ സമാഹരണം. അതേസമയം,​ നടപ്പുവർഷം ഏപ്രിൽ,​ മേയ് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നേട്ടത്തിലേക്ക് വൻ തിരിച്ചുവരവ് നടത്താൻ ജി.എസ്.ടിക്ക് കഴിഞ്ഞിട്ടുണ്ട്.

കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധി മൂലം ഏപ്രിലിൽ ജി.എസ്.ടിയായി ആകെ കിട്ടിയത് 32,​294 കോടി രൂപയാണ്; മേയിൽ 62,​009 കോടി രൂപയും. നടപ്പുവർഷം ആദ്യ ത്രൈമാസത്തിലെ (ഏപ്രിൽ-ജൂൺ)​ സമാഹരണം ഏപ്രിൽ-മേയിലെ തളർച്ച മൂലം 70 ശതമാനം ഇടിയുകയും ചെയ്‌തു. 2019ലെ സമാന മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ ഇടിവ് 71.63 ശതമാനമായിരുന്നു; മേയിൽ 38.17 ശതമാനവും. കഴിഞ്ഞമാസം ഇടിവിന്റെ ആഘാതം 9.02 ശതമാനത്തിൽ ഒതുങ്ങിയത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകും.

ജൂണിലെ സമാഹരണത്തിൽ 18,​980 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും (സി.ജി.എസ്.ടി)​ 23,​970 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും (എസ്.ജി.എസ്.ടി)​ 40,​302 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് (ഐ.ജി.എസ്.ടി)​. സെസ് ഇനത്തിൽ 7,​665 കോടി രൂപയും ലഭിച്ചു.