കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) കേരള ഇൻഡസ്‌ട്രിയിൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര)​ കഴി കേരളത്തിലേക്ക് ഒഴുകിയത് 400 കോടി രൂപയുടെ നിക്ഷേപം. 2018-19നേക്കാൾ ഏകദേശം ഇരട്ടിയാണിത്. 4,​000ഓളം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ഈ നിക്ഷേപങ്ങളിലൂടെ കഴിഞ്ഞവർഷം കിൻഫ്രയ്ക്ക് സാധിച്ചു.

വ്യാവസായിക യൂണിറ്റുകൾ തുറക്കാനായി കിൻഫ്ര കഴിഞ്ഞവർഷം 65.8 ഏക്കറുകൾ അനുവദിച്ചു. 84 പുതിയ യൂണിറ്റുകൾ ഇവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. 44.4 കോടി രൂപയാണ് കഴിഞ്ഞവർഷം കിൻഫ്രയുടെ വരുമാനം. 2018-19ൽ വരുമാനം 31 കോടി രൂപയും ലാഭം 3.1 കോടി രൂപയും ആയിരുന്നു. 2019-20ലെ ലാഭക്കണക്ക് ഇതുവരെ തയ്യാറാക്കിയിട്ടില്ല. പുതുതായി അനുവദിച്ച സ്ഥലപരിധി കഴിഞ്ഞവർഷം 1.31 ലക്ഷം ചതുരശ്ര അടിയിൽ നിന്നുയർന്ന് 1.40 ലക്ഷം ചതുരശ്ര അടിയിലെത്തി.

കിൻഫ്രയുടെ കൊരട്ടി പാർക്ക് മാത്രം കഴിഞ്ഞവർഷം ഉറപ്പാക്കിയത് 250 കോടി രൂപയുടെ നിക്ഷേപമാണ്. 25 വ്യാവസായിക പാർക്കുകളാണ് കിൻഫ്രയ്ക്ക് കീഴിലുള്ളത്. 800 വ്യാവസായിക യൂണിറ്റുകളും അവയിൽ പ്രവർത്തിക്കുന്നു. 144 ഏക്കറുകളിലായി ഇതിനകമെത്തിയ മൊത്തം നിക്ഷേപം 680 കോടി രൂപയാണ്. 7,​000 പേർക്ക് തൊഴിലും ലഭിച്ചു.