രാമപുരം: ശ്രീരാമക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് പണവും മറ്റും മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചെത്തല്ലൂർ സ്വദേശി ആനക്കുഴി വീട്ടിൽ ശ്രീകുമാറിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30ന് രാത്രിയാണ് രാമപുരം ശ്രീരാമക്ഷേത്രം, സമീപത്തുള്ള ശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയിലും മേലെ അരിപ്രയിലെ ചില വീടുകളിലും മോഷണവും മോഷണശ്രമവും നടന്നത്. സിസി ടിവി ദൃശ്യങ്ങളും ഫിംഗർപ്രിന്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികളെയും പൊലീസ് നിരീക്ഷിച്ചു. പെരിന്തൽമണ്ണയിൽ വച്ച് അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു.. ചിരട്ടാമണ്ണയിലും മനഴി സ്റ്റാന്റിനു സമീപത്തെ ആൾ താമസമില്ലാത്ത വീടുകളിലും നടത്തിയ മോഷണത്തിനും മേലെ അരിപ്രയിലെ വീട്ടിൽ നിന്ന് രാത്രിയിൽ ജനലിന് സമീപത്തു വച്ചിരിക്കുന്ന 50,000 രൂപയും ഐ ഫോണും മോഷ്ടിച്ച കേസിലും അടക്കം നിരവധി കേസുകളിൽ തുമ്പുണ്ടാക്കാൻ അന്വേഷണസംഘത്തിനായി. പ്രതിയെ സംഭവ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കും.പെരിന്തൽമണ്ണ എ.എസ്.പി. എം. ഹേമലത, കൊളത്തൂർ സി.ഐ. പി.എം. ഷമീർ, എസ്.ഐ. മുഹമ്മദ് ബഷീർ, ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളി, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, ഷംസുദ്ദീൻ, അഡീ. എസ്.ഐ. റെജിമോൻ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.