കാസർകോട്: ചെങ്കള പഞ്ചായത്ത് ഓഫീസ് നവീകരണത്തിന്റെ മറവിൽ ക്രമക്കേട് നടക്കുന്നതായി ആരോപണം. ചട്ടങ്ങൾ പാലിക്കാതെയാണ് ഓഫീസ് നവീകരണമെന്നാണ് ആക്ഷേപം. ഭരണസമിതി നിലപാടിനെ ചോദ്യംചെയ്ത സെക്രട്ടറിയെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ മുറിക്കുള്ളിൽ പൂട്ടിയിട്ടതായും പരാതി ഉയർന്നു.സാക്ഷ്യപത്രം ഹാജരാക്കാതെ നവീകരണത്തിന് അഡ്വാൻസ് തുക അനുവദിക്കാനാവില്ലെന്ന് നിലപാടെടുത്തതിനാണ് പഞ്ചായത്ത് സെക്രട്ടറി എം. സുരേന്ദ്രനെ മുറിക്കുള്ളിൽ പൂട്ടിയിട്ടതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ചെർക്കള നഗരത്തിലുള്ള പഞ്ചായത്ത് ഓഫീസിന്റെ നവീകരണത്തിനും ഫർണിച്ചർ വാങ്ങാനുമായി കഴിഞ്ഞ വാർഷിക പദ്ധതിയിൽ 72 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജില്ലാ നിർമിതി കേന്ദ്രത്തെയാണ് നിർമാണം ഏൽപിച്ചത്.

മാർച്ചിൽ കരാർ ഒപ്പുവച്ചെങ്കിലും കൊവിഡ് കാരണം പണി തുടങ്ങിയില്ല. നിർമിതി കേന്ദ്രത്തിന്റെ സാക്ഷ്യപത്രം നൽകുന്നതിന് മുമ്പ് പണം അനുവദിക്കണമെന്ന ആവശ്യമാണ് സെക്രട്ടറി നിരസിച്ചത്. തുടർന്നാണ് പൂട്ടിയിട്ടതത്രെ. ചട്ടങ്ങൾ കാറ്റിൽ പറത്തി ബിനാമികൾക്ക് കരാർ നൽകുകയാണ് ഭരണസമിതി ചെയ്യുന്നതെന്ന് സി.പി.എം ഏരിയാകമ്മിറ്റി കുറ്റപ്പെടുത്തി. പഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കാതെ ഇത്തരം ഫയലുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതുമാണ് സെക്രട്ടറിക്കെതിരെ തിരിയാൻ ഭരണസമിതിയെ പ്രേരിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളായ റബ്‌കോ, സിൽക്ക് തുടങ്ങിയവ ഉൾപ്പെടെയുള്ളപ്പോഴും ഓഫീസിലെ ഫർണിച്ചർ പ്രവൃത്തി സ്വകാര്യവ്യക്തികൾക്ക് നൽകുകയാണെന്നും പറഞ്ഞു.


നാലുവർഷത്തിനുള്ളിൽ കോടികളുടെ അഴിമതിയാണ് പഞ്ചായത്തിൽ നടന്നത്. വരുംദിവസങ്ങളിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.


കെ.എ മുഹമ്മദ് ഹനീഫ (സി.പി.എം കാസർകോട് ഏരിയ സെക്രട്ടറി)