സാധാരണക്കാർക്കും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന എണ്ണ വില വർദ്ധന ഒഴിവാക്കാനുള്ള ചില മാർഗങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
1. എണ്ണ വില-നിർണയ രീതി മാറ്റാം
പത്തു വർഷം മുൻപ് വരെ കേന്ദ്ര സർക്കാരാണ് വില നിശ്ചയിച്ചിരുന്നത്, എന്നാൽ 2010 ൽ പെട്രോളിന്റെയും,2014 ൽ ഡീസലിന്റെയും വില നിർണയം ഇവയുടെ സംസ്കരണ- വിപണനത്തിൽ ഏർപ്പെട്ടിട്ടുള്ള മൂന്നു പൊതുമേഖല കമ്പനികൾക്ക് വിട്ടുകൊടുത്തു. പക്ഷേ ഈ കമ്പനികൾ ഒറ്റയ്ക്കൊറ്റയ്ക്കല്ല വില തീരുമാനിക്കുന്നത്; മൂവരും കൂട്ട് കൂടിയാണ് വില നിശ്ചയിക്കുന്നത്.അതായത് മൂന്ന് കമ്പനികൾ ഉണ്ടെങ്കിലും, ഫലത്തിൽ അത് ഒറ്റകമ്പനിയായും കുത്തക കമ്പോളത്തിന് സമാനമായുമാണ് പ്രവൃത്തിച്ചുവരുന്നത്. എന്നാൽ ഓരോ കമ്പനിയും സ്വതന്ത്രമായി വില നിശ്ചയിക്കുന്ന അവസ്ഥ ആയിരുന്നുവെങ്കിൽ, എണ്ണ സംസ്കരണ ചെലവും ഗതാഗതമടക്കമുള്ള മറ്റു ചെലവുകളും പരമാവധി താഴ്ത്തിക്കൊണ്ട്, കഴിയാവുന്നത്ര കുറഞ്ഞ വിലയ്ക്ക് വിൽക്കാൻഓരോരുത്തരും ശ്രമിക്കുമായിരുന്നു. ഇപ്പോൾ എണ്ണ വില്പന രംഗത്ത് മത്സരമില്ലാത്തതുകൊണ്ടുതന്നെ, കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ത്വര എണ്ണക്കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. അത് മൂലം, അവരുടെ കെടുകാര്യസ്ഥതയ്ക്ക്കൂടി വില നൽകേണ്ടിവരുന്നത് ഉപഭോക്താക്കളാകുന്നു.പൊതുമേഖലയിലെഎണ്ണക്കമ്പനികൾ തമ്മിലുള്ളമത്സരംപ്രോത്സാഹിപ്പിക്കുന്നതിന് പുറമെ റിലയൻസ്,എസ്സാർ എന്നിങ്ങനെ ഉള്ള എണ്ണ സംസ്കരണ -വിപണന മേഖലയിലെ സ്വകാര്യ കമ്പനികൾക്കുംഎണ്ണവിലനിശ്ചയിക്കാനുള്ളഅവസരംനൽകി നോക്കാവുന്നതുമാണ്.
2. കുറഞ്ഞ നിരക്കിലുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി
മുൻപ് നമുക്ക് വേണ്ട ക്രൂഡ് ഓയിലിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്തിരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നായിരുന്നു.പക്ഷേ ഇന്നിപ്പോൾ അമേരിക്ക നമ്മുടെ ഇറക്കുമതിയുടെ മറ്റൊരു ശ്രോതസ്സായി ഉയർന്നു വരുന്നുണ്ട്.നാല് വർഷം മുൻപ് അവിടെ നിന്നുള്ള ഇറക്കുമതി പൂജ്യമായിരുന്നെങ്കിൽ 2019 ൽ അത് ദിനംപ്രതി 184000 വീപ്പ എന്ന തോതിൽ കൂടിയിരിക്കുന്നു. അമേരിക്കയുമായി നമ്മുടെ രാജ്യത്തിനുള്ള സാമ്പത്തിക ചങ്ങാത്തം വർദ്ധിക്കുന്ന സാഹചര്യത്തിൽ ,ഇനിയും അത് ഉയർന്നേക്കാം. പക്ഷേ അമേരിക്കൻ ക്രൂഡ് ഓയിലിന് നാം കൊടുക്കേണ്ടി വരുന്ന വില മറ്റു രാജ്യങ്ങൾക്ക് നൽകുന്ന വിലയേക്കാൾ ഉയർന്നതാണെന്നുള്ളതാണ് പ്രശ്നം.സാമ്പത്തിക നയതന്ത്രത്തിൽ ഊന്നിയുള്ള വിലപേശലിലൂടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിവിലപരമാവധികുറയ്ക്കാനുള്ള ശ്രമം നടത്താവുന്നതാണ്.
3. ഒ.എൻ.ജി.സിയുടെ ക്രൂഡ് ഓയിൽ വില
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 20 ശതമാനത്തോളവും നിറവേറ്റുന്നത് നമ്മുടെ രാജ്യത്തെ എണ്ണ പര്യവേഷണ സ്ഥാപനമായ ഒ.എൻ.ജി.സി ആണ്.അവർ അത് എണ്ണക്കമ്പനികൾക്ക് വിൽക്കുന്നത് അവരുടെ ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ അല്ല; അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കാണ്. ഇത് വഴി അവർക്ക് വൻലാഭം കൊയ്യാൻ കഴിയുന്നുണ്ടെങ്കിലും ജനതാത്പര്യം മുൻനിറുത്തി, ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ അവർ ക്രൂഡ് ഓയിൽ വിൽക്കണമെന്ന് അധികാരികൾക്ക് ആജ്ഞാപിക്കാവുന്നതാണ്.
4. നികുതി ഭാരം 50 ശതമാനത്തിൽ നിജപ്പെടുത്താം
ഇന്നിപ്പോൾ പെട്രോളിനും ഡീസലിനും നാം നൽകുന്ന വിലയുടെ 70 ശതമാനത്തിൽ അധികവും നികുതി ഇനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വസൂലാക്കുന്ന സംഖ്യ ആകുന്നു. എണ്ണ വില നിർണയത്തിൽ നിന്നു പിന്മാറി എന്ന്പറയുകയും എന്നാൽ വിലയുടെ സിംഹഭാഗവും സർക്കാരുകൾ നിശ്ചയിക്കുന്നതും വിരോധാഭാസമാകുന്നു.മറ്റൊരു കാര്യം ഇത്രയും വലിയ നികുതിചുമത്താൻ ഈ ഉത്പന്നങ്ങൾ ,മദ്യം, സിഗരറ്റ് എന്നിങ്ങനെ ഉള്ള പാപ വസ്തു( sin goods)ക്കളല്ല;മറിച്ച്സാധാരണക്കാർ അടക്കംഉപയോഗിക്കുന്നഅവശ്യവസ്തുക്കളാകുന്നു. അത് കൊണ്ട് തന്നെ ഈ ഉത്പന്നങ്ങളുടെ മേലുള്ള നികുതികൾ ജി.എസ്.ടിയുടെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനത്തിലേക്ക് താഴ്ത്താൻ കഴിയില്ലെങ്കിൽ അത് 50 ശതമാനത്തിലെങ്കിലും തളച്ചിടേണ്ടതുണ്ട്.