ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയുമായിനടത്തിയ അഭിമുഖം
? ഇടനിലക്കാരായ ലേലക്കാരില്ലാതെയുള്ള മത്സ്യവിപണനം എത്രമാത്രം പ്രായോഗികമാണ്
കഠിനമായി അധ്വാനിച്ചിട്ടും കുറഞ്ഞ വരുമാനമാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. ലേലക്കാരുടെ ചൂഷണം ഇവരെ സാമ്പത്തികമായി മെച്ചപ്പെടാൻ അനുവദിച്ചിരുന്നില്ല. പ്രകടനപത്രികയിൽ മത്സ്യത്തിന്റെ ആദ്യവില നിശ്ചയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് അവകാശം നൽകുമെന്ന് വാഗ്ദാനം ചെയ്തതാണ്. അതാണ് ലോക്ക് ഡൗൺ കാലത്ത് സാധ്യമായത്. ലേലം ഒഴിവാക്കി ഇടനിലക്കാരില്ലാതെ മത്സ്യഫെഡ് നേരിട്ട് മത്സ്യം വില്പന നടത്തിയപ്പോൾ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വരുമാനം ഇരട്ടിയായി. നൂറ്റാണ്ടുകളായി കടപ്പുറത്ത് തുടരുന്ന ഒരു ശീലത്തെയാണ് കൊവിഡ് കാലത്ത് മാറ്റാൻ സാധിച്ചത്.
? നാല് വർഷത്തിനിടെ ഫിഷറീസ് മേഖലയിൽ ഉണ്ടായ നേട്ടങ്ങൾ
പ്രകടനപത്രികയിൽ പറഞ്ഞ 99 ശതമാനം കാര്യങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞു. നടക്കാതെ പോയ ഒരു കാര്യം കടലിൽ മത്സ്യം പിടിക്കാനുള്ള അവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന നിയമമാണ്. ഒരുപാട് ചർച്ചകൾക്കും ആലോചനകൾക്കും ശേഷം മാത്രം പാസാക്കാൻ സാധിക്കുന്ന നിയമമായതിനാൽ അതിന് അൽപം കൂടി സാവകാശം വേണം.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ പറ്റി. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി 58 ഇനം ചെറുമത്സ്യങ്ങളെ പിടികൂടുന്നത് ഭരണത്തിലേറി ആറ് മാസത്തിനകം നിരോധിച്ചു. ഇതിന്റെ ഫലമായി നാല് വർഷം മുൻപ് 4.88 ലക്ഷം ടൺ ആയിരുന്ന മത്സ്യസമ്പത്ത് 6.09 ലക്ഷം ടണ്ണിലേക്ക് ഉയർത്താൻ സാധിച്ചു.
കായലിലെയും കടലിലെയും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി വേമ്പനാട്, അഷ്ടമുടി കായലുകളിൽ 26 സ്ഥലങ്ങളിൽ 2 ഹെക്ടർ വീതം സംരക്ഷിത മേഖലയായി മാറ്റി അവിടെ നാടൻ മത്സ്യങ്ങളുടെ പ്രജനനത്തിന് സംരക്ഷണം കൊടുത്തു. കൂടാതെ ഭക്ഷ്യസുഭിക്ഷയുടെ ഭാഗമായി മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന 2,068 കോടി രൂപയുടെ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ആദ്യവർഷത്തിൽ 30,000 ടൺ ഉൾനാടൻ മത്സ്യം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
? കശുഅണ്ടി മേഖലയിലെ മാറ്റത്തെപ്പറ്റി
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കശുഅണ്ടി മേഖലയിൽ എല്ലാ ഫാക്ടറികളും അടഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയിൽ 480 ഫാക്ടറികൾ തുറന്നു. കാഷ്യൂ ബോർഡ് രൂപീകരിക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം.
? മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ വികസനത്തിനായി ചെയ്ത പ്രവർത്തനങ്ങൾ
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കുഫോസിൽ 20 സീറ്റിലേക്ക് സംവരണം ഏർപ്പെടുത്താൻ സാധിച്ചു. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളിവിഭാഗക്കാർക്കും ഉറപ്പാക്കാൻ കഴിഞ്ഞു. മിടുക്കരായ കുട്ടികൾക്ക് മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് നൽകുന്നു. 36 കുട്ടികൾക്ക് ഇത്തരത്തിൽ മെറിറ്റിൽ അഡ്മിഷൻ നേടിയിട്ടുണ്ട്.
? മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രഖ്യാപിച്ച ഭവനപദ്ധതികൾ പൂർത്തിയായോ
തീരത്ത് നിന്നും 50 മീറ്റർ ദൂരപരിധിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർഗേഹം പദ്ധതി 2450 കോടി ചെലവിട്ടാണ് നടപ്പാക്കുന്നത്.
കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടിട്ടുള്ളവർക്കായി ഫ്ളാറ്റ് സമുച്ചയങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ 192 ഫ്ളാറ്റുകൾ നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂര് എന്നിവിടങ്ങളില് 772 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുതിനുള്ള ഫ്ളാറ്റുകളുടെ നിർമ്മാണം നടക്കുകയാണ്.
അവശേഷിക്കുന്ന ഒരു വർഷം ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ
പരമാവധി ഉത്പാദന വർദ്ധനവാണ് ലക്ഷ്യം. കൂടാതെ ആഴക്കടൽ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളിയെ പര്യാപ്തമാക്കുന്ന പദ്ധതിയുമുണ്ട്.
കശുഅണ്ടി രംഗത്ത് കുടിശികകൾ തീർത്ത് ആനുകൂല്യങ്ങൾ തൊഴിലാളികളിലേക്കെത്തിക്കണം.
? ഇത് വരെയുള്ള പ്രവർത്തനത്തിൽ സന്തുഷ്ടയാണോ
മത്സ്യമേഖലയിൽ പൂർണ സന്തുഷ്ടയാണ്. കശുഅണ്ടി മേഖലയിൽ ഇനിയും ഫാക്ടറികൾ തുറക്കാനുണ്ടെന്ന സങ്കടം ബാക്കിയാണ്.