നമുക്ക് ചിരിക്കാൻ ആകുന്നില്ല. നമ്മുടെ ചിരി ഒരു ചെറു തുണിക്കഷ്ണത്തിൽ ഒളിഞ്ഞിരിക്കുന്നു. വെറും ഒരു തുണിക്കഷ്ണം വിചാരിച്ചാൽ ചിരിയുടെ രാജാവായിരുന്ന ചാർളി ചാപ്ളിന്റെ വിശ്വവിഖ്യാതമായ ചിരിയെപ്പോലും മറയ്ക്കാൻ ആകുമെന്ന് കൊവിഡ് 19 പഠിപ്പിക്കുകയാണ്. കരയാനുള്ള മനുഷ്യരുടെ സ്വതസിദ്ധ വൈഭവത്തെ മാത്രം മുഖാവരണത്താൽ മറയ്ക്കാതെ മഹാമാരിയായ കൊവിഡ് സ്വതന്ത്രമാക്കിയിരിക്കുന്നു. സമ്പന്നരായ ലോകത്തിലെ ന്യൂനപക്ഷത്തിന് മുൻപിൽ ഇല്ലായ്മയുടെ ഭാണ്ഡം പേറുന്ന മഹാഭൂരിപക്ഷത്തിന്റെ കണ്ണീർമഴകൂടി എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന സമ്പന്നവർഗംകൂടി കാണട്ടെയെന്ന കൊവിഡ് ആകൃതി പൂണ്ട പ്രകൃതിയുടെ വികൃതിക്ക് മുന്നിൽ ചിരിയുടെ മാസ്മരിക പ്രതാപം അസ്തമിച്ച് കൊണ്ടിരിക്കുകയാണ്.
സോപ്പുവെള്ളത്തിൽ അലിഞ്ഞ് ഇല്ലാതാകാൻ മാത്രം അല്പായുസുള്ള അതി സൂക്ഷ്മ വൈറസ് വൈദ്യശാസ്ത്രത്തിനും ശാസ്ത്രമനീഷികൾക്കും പിടി കൊടുക്കാതെ തന്റെ തേരോട്ടം തുടർന്ന് കൊണ്ടിരിക്കുന്നു. നമ്മളിൽനിന്നും അകലെ ഒരു ചെറുകഷ്ണം തുണിക്കുള്ളിൽ ഒളിച്ചിരിക്കുന്ന ചിരിയും പരിചയം പുതുക്കിയുള്ള ഹസ്തദാനവുമെല്ലാം വീണ്ടും തിരികെ എത്തുമോ എന്ന് ഒരു ശാസ്ത്രത്തിനും പ്രവചിക്കാനാകുന്നില്ല. മനുഷ്യരാശിയുടെ അന്തകനായി മാറിയ ഇൗ മഹാമാരിയിൽ നിന്നുള്ള മോചനം അകലെയോ അതോ അടുത്താണോ എന്ന് സോപ്പുകുമിളകളെ ഭയപ്പെടുന്ന ഇൗ പരമാണുക്കൾ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു.
ജീവിതമെന്ന മഹാ പ്രയാണത്തിനിടയിൽ വീണുകിട്ടുന്ന ഇടവേളകൾ ആരാധനാ മൂർത്തികൾക്ക് മുമ്പിൽ കൈകൂപ്പാനും പരാതികളും പരിഭവങ്ങളും ഉണർത്തിക്കാനും നമ്മൾ ചെലവഴിച്ചിരുന്നു. നമ്മുടെ സ്വാർത്ഥ ജടിലമായ പ്രാർത്ഥന കേട്ട് മടുത്ത ദൈവങ്ങളും ലോക് ഡൗണിന്റെ മറവിൽ ഒളിച്ചു. വിളിച്ചാൽ വിളികേൾക്കുന്ന ദൈവങ്ങളെന്ന് കാല്പനികതയുടെ പരിവേഷം ചാർത്തി നമ്മൾ വാഴ്ത്തിയിരുന്ന ദൈവങ്ങളും നമ്മെ അനാഥരാക്കി.
എല്ലാം അതിജീവിക്കാനാകുമെന്ന ശുഭപ്രതീക്ഷ കൈവിടാതെ പുതിയ ജീവിത ശൈലിയോട് സമരസപ്പെടാം.
എം. രവീന്ദ്രൻ മണമ്പൂർ.
വനരോദനമാകുന്ന പ്രശ്നങ്ങൾ
പല പ്രശ്നങ്ങളും അടിത്തട്ടിൽ പരിഹരിക്കപ്പെടാതെ അവശേഷിക്കും. അതിലേക്ക് വെളിച്ചം വീശാൻ ഒരു ദുരന്തം ഉണ്ടാകണം. അപ്പോൾ സർക്കാർ സംവിധാനങ്ങൾ ജാഗരൂകമാകും. കേരളകൗമുദിയിൽ വന്ന മുഖപ്രസംഗത്തിലെ വാക്യങ്ങളാണിവ. 70 വർഷമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തുടർന്നുവരുന്ന അപ്രഖ്യാപിത നയമാണിത്. കേരളത്തിന് പ്രമുഖ വിദ്യാഭ്യാസ കേന്ദ്രം ആകാം എന്ന് പ്രതീക്ഷിക്കുമ്പോൾ അതിന്റെ പിന്നാമ്പുറത്തെങ്കിലും എത്തിനോക്കാൻ കഴിയാത്ത കുറെ ജീവിതങ്ങൾ ഇവിടെയുണ്ടെന്ന് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ഒാർക്കുന്നത് നന്ന്. അവർ കൈയാളുന്ന സമ്പത്തും അധികാരവും ജീവിതത്തിന്റെ അടിത്തട്ടിൽ കഴിയുന്ന നിരാലംബരായ ജനതയുടേതുകൂടിയാണ്. സംസ്ഥാനത്ത് ഒാൺ ലൈൻ പഠന സൗകര്യങ്ങളില്ലാത്ത 2, 61,784 കുട്ടികളുണ്ടെന്ന് വിദ്യാഭ്യാസവകുപ്പും ഉന്നത അധികാരികളും സൗകര്യപൂർവം മറന്നതെന്ത്? നാട്ടിൻപുറത്ത് ഒരു ചൊല്ലുണ്ട്. - ‘കുട്ടികൾക്ക് ഇത്രയും മതി " എന്ന്.
ഒറ്റനോട്ടത്തിൽ ദേവിക കാണിച്ചത് വിഡ്ഢിത്തമാണെന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല. ആ കുട്ടിയെപ്പോലെയോ അതിനെക്കാളുമോ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും കഴിയുന്ന രണ്ടുലക്ഷത്തി അറുപത്തി രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികളുടെ കണ്ണീരാണ്, നെടുവീർപ്പാണ് അവൾ ഉയർത്തിവിട്ടത്. പക്ഷേ, അത് കൈയേൽക്കുവാൻ പട്ടിക വിഭാഗക്കാരുടെ നിരവധി സംഘടനകളിൽ ഒരു സംഘടനയും തയ്യാറായില്ല.
ഒരിക്കൽ ഡോ. ബി.ആർ. അംബേദ്കർ ഗാന്ധിജിയോട് ചോദിച്ചു. ‘മി. ഗാന്ധി, എനിക്കൊരു രാജ്യമുണ്ടോ?“ ആ ചോദ്യത്തിൽ ഗാന്ധിജി ഖിന്നത പ്രകടിപ്പിച്ചു എന്നത് ശരിയായിരിക്കാം. എന്നാൽ പാർശ്വവത്കരിക്കപ്പെട്ട ഇവിടത്തെ ജനങ്ങൾക്ക് അനുഭവപ്പെടുന്നത് അന്യഥാബോധം തന്നെയാണ്. അതുകൊണ്ടാണല്ലോ കേറിക്കിടക്കാൻ ഒരു തുണ്ടു ഭൂമിയോ ഒരു നല്ല കട്ടിലോ വെള്ളമോ വെളിച്ചമോ ഇല്ലാതെ കേരളം ഉൾപ്പെടെ ഇന്ത്യയിലാസകലം കോടിക്കണക്കിന് മനുഷ്യജീവികൾ എരിഞ്ഞടങ്ങുന്നത്.. രാജഭരണകാലത്ത് അതൊക്കെ സംഭവിച്ചു. പക്ഷേ ഇന്ന് പരമാധികാരമുള്ള ജനാധിപത്യഭരണമാണ് ഇവിടെ നിലനിൽക്കുന്നത്.
സി.കെ. കുട്ടപ്പൻ
മുട്ടട