തിരുവനന്തപുരം: ജില്ലയിലെ പ്രതിരോധ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോവാനുള്ള സാഹചര്യമുണ്ടായതെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു. ക്വാറന്റെെൻ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാത്തതും യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി ഫലം ലഭ്യമാക്കാത്തതുമാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. എന്നാൽ, ലോക്ക് ഡൗൺ കാലത്തും പ്രതിരോധ ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു.
പൂന്തുറയിൽ ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം നാലുദിവസം പിന്നിട്ടിട്ടും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 250ഓളം പേരിൽ അറുപതോളം പേരെ ഇനിയും പരിശോധനയ്ക്ക് വിധേയമാക്കാനുണ്ട്. ഈ മേഖലയിൽ ആന്റിജൻ ടെസ്റ്റ് നടത്തി പോസിറ്റീവായ കൊച്ചു കുട്ടികളടക്കമുള്ള 19 പേർക്ക് മണിക്കൂറുകളോളമാണ് ആംബുലൻസിനായി കാത്തിരിക്കേണ്ടി വന്നത്. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയത്തുപോലും സമയബന്ധിതമായി പരിശോധനകൾ നടത്തി ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് തയ്യാറാകുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു.