തിരുവനന്തപുരം: പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി, ബീമാപള്ളി ഈസ്റ്റ് മേഖലകളിൽ 29 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഈ മേഖലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ കൊണ്ടുമാത്രം രോഗവ്യാപനം തടയാനാവില്ല. അതുകൊണ്ട് പരമാവധി റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. അതോടൊപ്പം, തീരദേശമേഖലയിൽ സൗജന്യമായി കട്ടിയുള്ള മാസ്കുകളും, സാനിറ്റൈസറുകളും, ഗ്ലൗസുകളും വിതരണം ചെയ്യണം. തൊഴിൽ നഷ്ടമായിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം നൽകുകയും നിത്യോപയോഗ സാധനങ്ങളെത്തിക്കുകയും വേണം. തീരദേശ മേഖലയിൽ കൊവിഡ് ബോധവത്കരണത്തിന് ലോക്കൽ ചാനലുകളിലൂടെ അറിയിപ്പ് നൽകുന്നതിനും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് മുസ്ലിം-ക്രിസ്ത്യൻ ആരാധനാലയ അധികൃതരോട് അഭ്യർത്ഥിച്ചതായും ശിവകുമാർ അറിയിച്ചു.