england-windies-cricket

ക്രിക്കറ്റ് വീണ്ടും ക്രീസിലേക്ക്

കൊവിഡ് ലോക്ക് ഡൗണിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്ന് പുനരാരംഭിക്കുന്നു

ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതൽ

സതാംപ്ടൺ : കൊവിഡ് പശ്ചാത്തലത്തിൽ മൂന്നുമാസത്തിലേറെയായി നിറുത്തിവച്ചിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്ന് ഇംഗ്ളണ്ടിൽ പുനരാരംഭിക്കുകയാണ്. ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ കൊവിഡ് കൊണ്ടുവന്ന മാറ്റങ്ങൾക്കും ലോക ക്രിക്കറ്റ് വേദിയാകും.

ഒരുമാസത്തോളമായി മികച്ച തയ്യാറെടുപ്പുകളോടെ സുരക്ഷാ മാർഗങ്ങൾ അവലംബിച്ചാണ് ക്രിക്കറ്റ് വീണ്ടും ക്രീസിലിറങ്ങുന്നത്. പൂർണമായും ബയോ സെക്യുറായ അന്തരീക്ഷത്തിലെ കളിക്കാർ, കാണികളില്ലാത്ത സ്റ്റേഡിയം, തുപ്പൽ പുരളാത്ത പന്ത്, കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്,പരസ്പരമുള്ള കരസ്പർശമൊഴിവാക്കൽ എന്നിങ്ങനെ പുതു രീതികൾ ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും മാത്രമല്ല ക്രിക്കറ്റ് ലോകം മുഴുവൻ കാത്തിരിക്കുകയാണ്.

ജാസൺ ഹോൾഡറുടെ നേതൃത്വത്തിലാണ് വിൻഡീസ് ടീം ഇംഗ്ളണ്ടിലെത്തിയിരിക്കുന്നത്. ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാനിരിക്കുന്നതിനാൽ സ്ഥിരം നായകൻ ജോറൂട്ട് ഈ മത്സരത്തിൽ ഇംഗ്ളണ്ട് ടീമിലുണ്ടാവില്ല. ബെൻ സ്റ്റോക്സാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്.

ആദ്യ ടെസ്റ്റിന് ശേഷം ഇരു ടീമുകളും മാഞ്ചസ്റ്ററിലേക്ക് പോകും. രണ്ടും മൂന്നും ടെസ്റ്റുകൾ അവിടെയാണ് നടക്കുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഈ പരമ്പര കഴിഞ്ഞാൽ ഇംഗ്ളണ്ടും പാകിസ്ഥാനുമായുള്ള പരമ്പര തുടങ്ങും. ഇതിനായി പാകിസ്ഥാൻ ടീം ഇംഗ്ളണ്ടിലെത്തിക്കഴിഞ്ഞു.

മാറ്റങ്ങൾ ഇങ്ങനെ

പരമ്പരയ്ക്കായി വിൻഡീസ് ടീം ഒരുമാസം മുന്നേ ഇംഗ്ളണ്ടിലെത്തിയിരുന്നു. ഇംഗ്ളണ്ടിലെത്തിയ ഉടനെ കൊവിഡ് ടെസ്റ്റ്. 14 ദിവസം മാഞ്ചസ്റ്ററിൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് സതാംപ്ടണിലേക്ക് പോയത്. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷവും പരിശോധന. ഇംഗ്ളണ്ട് ടീമിലെ താരങ്ങൾക്കും പരിശോധന. സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെയുള്ള അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ റൂം മുതൽ സ്റ്റേഡിയം വരെ കളിക്കാരും ടീം സ്റ്റാഫുകളും മറ്റൊരു മനുഷ്യനുമായും ബന്ധപ്പെടാത്ത രീതിയിലുള്ള മുൻ കരുതലുണ്ട്. കളിക്കാർക്കും അമ്പയർമാർക്കും ഗ്രൗണ്ട് സ്റ്റാഫിനുമെല്ലാം പ്രത്യേകം വഴികൾ. ഓരോരുത്തർക്കും നിശ്ചിതമായ ഇരിപ്പിടങ്ങൾ. ഇങ്ങനെയാണ് ബയോ സെക്യുർ അന്തരീക്ഷം ഒരുക്കിയത്.

തുപ്പൽ പെനാൽറ്റി

കൊവിഡ് പശ്ചാത്തലത്തിൽ പന്തിന് തിളക്കം കൂട്ടാൻ ബൗളർമാർ തുപ്പൽ പുരട്ടുന്നത് നിരോധിച്ച ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ നിയമം വന്നശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമാണിത്. തുപ്പൽ പുരട്ടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അമ്പയർമാർ ഒരു ഇന്നിംഗ്സിൽ രണ്ട് തവണ വരെ വാണിംഗ് നൽകും. പിന്നീടും തെറ്റ് ആവർത്തിച്ചാൽ 5 റൺസ് വെട്ടിക്കുറയ്ക്കും. വിയർപ്പു പുരട്ടുന്നതിന് അനുവദിച്ചിട്ടുണ്ട്.

ആഘോഷങ്ങൾ വേണ്ട

വിക്കറ്റ് വീണാലോ, സെഞ്ച്വറിയടിച്ചാലോ ഒന്നും പരസ്പരം കൈകളും മുഖവും തൊട്ടുള്ള ഒരു ആഘോഷവും വേണ്ട. കൈകൾ ഉയർത്തി കൂട്ടിയിടിച്ചുള്ള ഹൈ - ഫൈവുകളും ആലിംഗനങ്ങളും ഒഴിവാക്കണം. കൈമുട്ടുകളോ കാൽപാദങ്ങളോ മുട്ടിച്ച് ആഘോഷം നടത്താം.

കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്

മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന് കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ പകരം ആളെയിറക്കാം. അതിനായി ടീമിൽ പകരക്കാരെ കൂടുതൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിട്ടുണ്ട്.

പര്യടന ചരിത്രം

1928 ലാണ് വെസ്റ്റ് ഇൻഡീസ് ടീം ഇംഗ്ളണ്ടിലേക്ക് ആദ്യമായി പര്യടനം നടത്തുന്നത്. ഇതുവരെ 21 തവണ വിൻഡീസ് ഇംഗ്ളണ്ട് പര്യടനം നടത്തിയിട്ടുണ്ട്. ഇതിൽ എട്ട് തവണ പരമ്പര സ്വന്തമാക്കി.

2017 ലാണ് ഇതിന് മുമ്പ് പര്യടനത്തിനെത്തിയത്. അന്നും നായകൻ ഹോൾഡറായിരുന്നു. 2-1 ന് ഇംഗ്ളണ്ടാണ് പരമ്പര നേടിയത്.

ഇംഗ്ളണ്ട് ടീം

ബെൻ സ്റ്റോക്സ് (ക്യാപ്ടൻ), ജെയിംസ് ആൻഡേഴ്സൺ, ജൊഫ്ര ആർച്ചർ, ഡൊമിനിക് ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലർ, സാക്ക് ക്രാവ്‌ലി,ജോ ഡെൻലി, ഒല്ലീ പോപ്പ്, ഡോം സിബിലി, ക്രിസ്‌ വോക്ക്സ്, മാർക്ക് വുഡ്.

വിൻഡീസ് ടീം

ജാസൺ ഹോൾഡർ (ക്യാപ്ടൻ), ജെർമെയ്ൻ ബ്ളാക്ക്‌വുഡ്, എൻക്രൂമ ബോണർ, ക്രെയ്‌‌ഗ് ബ്രാത്ത് വെയ്‌റ്റ്, ഷമാർ ബ്രൂക്ക്സ്, ജോൺ കാംപ്‌ബെൽ, റോസ്റ്റൺ ചേസ്, റഖീം കോൺവാൾ, ഷേൻ ഡോർവിച്ച്, ഷാനോൺ ഗബ്രിയേൽ, ഷെമാർ ഹോൾഡർ, ഷായ് ഹോപ്പ്, അൽസാരി ജോസഫ്, റേമോൺ റെയ്ഫ‌ർ, കെമർ റോഷ്,

ടി.വി ലൈവ്

ഇന്ത്യൻ സമയം വൈകിട്ട് 3.30 നാണ് മത്സരം തുടങ്ങുന്നത്. സോണി സിക്സ് ചാനലിൽ ലൈവായി കാണാം.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

ഈ പരമ്പരയിലെ ഓരോ വിജയത്തിനും 40 പോയിന്റാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ലഭിക്കുക. ടൈ ആയാൽ 20 പോയിന്റ് വീതം. സമനിലയ്ക്ക് 13 പോയിന്റ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 146 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇംഗ്ളണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയോട് പരമ്പര തോറ്റിരുന്ന വിൻഡീസ് പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറന്നിട്ടില്ല.

117

ദിവസത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്.

ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ട് വരെ ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് അവസാനമായി അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നടന്നത്.

മാർച്ച് 13 ന് ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ഏകദിനത്തിന് ശേഷം ഒറ്റ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടില്ല.

ഇതുപോലൊരു പ്രത്യേക സാഹചര്യത്തിൽ ഇംഗ്ളണ്ടിനെ നയിക്കാൻ അവസരം ലഭിച്ചത് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കളിയിൽ മാത്രം ശ്രദ്ധ പതിപ്പിക്കും.

ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്യാപ്ടൻ

ഒരുമാസത്തോളമായി മറ്റാരുമായി ബന്ധമില്ലാതെ ഒന്നിച്ചു കഴിയാൻ പറ്റിയത് വിൻഡീസ് ടീമിൽ ഇഴയടുപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഈ പരമ്പര ഞങ്ങൾ നേടും.

ഫിൽ സിമ്മോൺസ്

വിൻഡീസ് കോച്ച്