തിരുവനന്തപുരം : വനാതിർത്തിയിലെ കർഷകരെയും കൃഷിയെയും കാട്ടുപന്നിയിൽ നിന്നും കടുവയിൽ നിന്നും രക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷന്റെ നാഷണൽ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവച്ച് ഓടിക്കാനുള്ള അധികാരം വേണമെന്ന കർഷകരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് മേയ് 18 ന് ഉത്തരവിറങ്ങിയത്. എന്നാൽ വെടി വയ്ക്കാനുള്ള അനുമതി കിട്ടണമെങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ കർഷകർ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം കടമെടുത്ത പണം പോലും തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. അതിന്റെ കൂടെയാണ് കോവിഡ് കൊണ്ടുവന്ന മഹാദുരന്തം. ഇതെല്ലാം അറിയാവുന്ന ഫോസ്റ്റ് വകുപ്പ് കർഷകരോട് മാനുഷിക സമീപനം സ്വീകരിക്കണം.