നെടുമങ്ങാട്: ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പനവൂർ പഞ്ചായത്തിൽ നിയന്ത്രണം. ഡി.കെ. മുരളി എം.എൽ.എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് മുതൽ കടകമ്പോളങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 5വരയേ പ്രവർത്തിക്കൂ. കഴിഞ്ഞ ദിവസം ആര്യനാട്ട് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ 30ന് ഡ്യൂട്ടിക്ക് എത്തിയിരുന്നു. അന്ന് ആശുപത്രിയിലെത്തിയതിൽ പ്രാഥമിക പട്ടികയിലുള്ള അൻപതോളം പേർക്ക് എച്ച്.ഐ ആഡിറ്റോറിയത്തിൽ ഇന്ന് കൊവിഡ് പരിശോധന നടക്കും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങൾ ശക്തമാക്കുക. 30ന് സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗി പനവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവും സന്ദർശിച്ചു എന്ന നിഗമനത്തിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ അണു നശീകരണം നടത്തി. ഏഴു ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാനോ കൂട്ടംകൂടാനോ പാടില്ല. ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് പഞ്ചായത്തിൽ ഉച്ചഭാഷിണിയിലൂടെ അറിയിപ്പും നൽകിയിട്ടുണ്ട്. നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ രാജേഷ്‌ കുമാർ, പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർമാർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, പഞ്ചായത്ത് മെമ്പർമാർ മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.