prathikal

തളിപ്പറമ്പ് :നിരോധിത നോട്ട് മാറിനൽകാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന പണം തട്ടിയതിനും കള്ളനോട്ട് ഇടപാടിലും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പിടിച്ചുപറിച്ചതിനും 1.600 കിലോ കഞ്ചാവ് കൈവശം വച്ചതുമടക്കമുള്ള സംഭവങ്ങളിൽ ഉത്തരേന്ത്യൻ സംഘാംഗങ്ങളടക്കം അഞ്ചുപേരെ പരിയാരം പൊലീസ് അറസ്റ്റുചെയ്തു.പത്തുപേർക്കായി തിരച്ചിൽ തുടരുന്നു.

ചിറ്റാരിക്കാൽ ഭീമനടിയിലെ പറമ്പത്ത് അമീർ(33), മയ്യിൽ കടൂരിലെ സി.പി.സിദ്ദിക്ക്(33),ഗുജറാത്ത് കലോണിലെ അശ്വിൻ(29), മുംബൈ കൊളാബയിലെ ഡോ.ഓംരാജ് റാത്തോഡ്(42), മുംബൈ കല്യാണിലെ സമാധാൻ(34) എന്നിവരാണ് അറസ്റ്റിലായത്. സമീർ എന്ന ഇബ്രാഹിം, ഗഫൂർ, ബാബു, സയ്യിദ്, റിവാജ്, സിദ്ദിക്ക് എന്നിവരും കണ്ടാലറിയാവുന്ന നാലുപേരേയുമാണ് പിടികിട്ടാനുള്ളത്. മയ്യിൽ വെമ്മിണിശേരിയിലെ അബ്ദുൾനാസറിന്റെ പരാതിയിലാണ് ഇവർക്കെതിരെ വഞ്ചനകുറ്റത്തിനും മറ്റു വകുപ്പു പ്രകാരം കേസെടുത്തത്.

നിരോധിക്കപ്പെട്ട 500, 1000 നോട്ടുകൾക്ക് അതിന്റെ 5 ശതമാനം വില നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉത്തരേന്ത്യൻ സംഘം അമീർ അടക്കമുള്ളവരെ ഇടനിലക്കാരാക്കി 13.6 ലക്ഷം രൂപ വാങ്ങിയിരുന്നു.അബ്ദുൾസത്താർ അടക്കമുള്ളവരുടേതായിരുന്നു പണം. എന്നാൽ ഇതിന് പകരം തുക നൽകാതെ വഞ്ചിച്ചതായാണ് പരാതി. അജ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിന്റെ തലവൻ ഗുരുജിയുടെ ഏജന്റുമാരായ മുംബൈ കുലാവയിലെ ഓംരാജ്(42), കല്യാണിലെ സമാധാൻ(34), ഗുജറാത്ത് അഹമ്മദബാദിലെ അഷ്വിൻ(29), കർണ്ണാടക ബെൽഗാമിലെ സഞ്ജയ്(55), മുംബൈയിലെ സതീഷ്(47) എന്നിവരുടെ സബ് ഏജന്റുമാരായിരുന്നു അമീർ, കോരൻപീടികയിലെ റിവാജ്, ഇരിങ്ങലിലെ നിസാമുദ്ദീൻ, പടന്നക്കാട്ടെ സമീർ എന്നിവർ. ഈ സംഘം അബ്ദുൾ സത്താറിന്റെ ഉൾപ്പെടെ നാലുപേരിൽ നിന്ന് ഗുരുജിയുടെ ഏജന്റുമാർക്ക് പണം വാങ്ങി നൽകിയിരുന്നു. ഒരു കോടി രൂപയുടെ പഴയ നോട്ട് തന്നാൽ 70 ലക്ഷം രൂപയുടെ പുതിയ നോട്ട് തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. എന്നാൽ അമീർ ഉൾപ്പെടുന്ന സംഘത്തിന് ഗുരുജിയുടെ സംഘം പണം നൽകാൻ തയ്യാറായില്ല. അമീർ നൽകിയത് കള്ളനോട്ടാണെന്നും അതിനാൽ പണം നൽകാനാവില്ലെന്നുമാണ് ഇവർ പറഞ്ഞത്. തുടർന്നുണ്ടായ തർക്കത്തിൽ മധ്യസ്ഥശ്രമത്തിന്റെ പേരിൽ ഗുരുജിയുടെ ഉത്തരേന്ത്യക്കാരായ ഏജന്റുമാരെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും സ്വർണമാലയും പണവും ഉൾപ്പെടെ തട്ടിയെടുക്കുകയുമായിരുന്നു.ഉത്തരേന്ത്യൻ സംഘത്തെ തടവിലാക്കിയ പരിയാരം ഇരിങ്ങലിലെ ക്വാർട്ടേഴ്സിൽ നിന്ന് 1.600 കിലോ കഞ്ചാവും കണ്ടെടുത്തിരുന്നു.