കൊച്ചി: കൊവിഡും ലോക്ക്ഡൗണും സമ്പദ്‌മേഖലയെ ഉലച്ചതോടെ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള പണമൊഴുക്ക് ശക്തമായി. 2020 ജനുവരി-ജൂൺ കാലയളവിൽ സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഗോൾഡ് ഇ.ടി.എഫ്) എത്തിയ നിക്ഷേപം 3,530 കോടി രൂപയാണെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. 2019ലെ സമാനകാലയളവിൽ 160 കോടി രൂപയുടെ നിക്ഷേപ നഷ്‌ടമാണ് ഗോൾഡ് ഇ.ടി.എഫുകൾ നേരിട്ടത്.
ഗോൾഡ് ഇ.ടി.എഫ് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (അസറ്റ് അണ്ടർ മാനേജ്‌മെന്റ് - എ.യു.എം) ജൂണിലെ കണക്കുപ്രകാരം 10,857 കോടി രൂപയാണ്. 2019 ജൂണിൽ എ.യു.എം 4,930 കോടി രൂപയായിരുന്നു. ലോക്ക്ഡൗണിന് ശേഷം ഇ.ടി.എപുകളിലേക്കുള്ള നിക്ഷേപത്തിൽ മികച്ച ഉണർവുണ്ട്. ജനുവരിയിൽ ലഭിച്ച നിക്ഷേപം 202 കോടി രൂപയായിരുന്നു. ഫെബ്രുവരിയിൽ 1,483 കോടി രൂപ ലഭിച്ചു. മാർച്ചിൽ നേരിട്ടത് 195 കോടി രൂപയുടെ നഷ്‌ടം. ഏപ്രിലിൽ 731 കോടി രൂപയായും മേയിൽ 815 കോടി രൂപയായും നിക്ഷേപം ഉയർന്നു. 494 കോടി രൂപയാണ് ജൂണിൽ കിട്ടിയത്.