car

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മൂലം ജൂണിലും ആഭ്യന്തര വാഹന വിപണി നേരിട്ടത് കനത്ത വില്പന നഷ്‌ടം. പാസഞ്ചർ വാഹനവില്പന നേരിട്ട ഇടിവ് 49.59 ശതമാനമാണ്. കഴിഞ്ഞമാസം പുതുതായി 1.05 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിഞ്ഞു. 2019 ജൂണിലെ വില്പന 2.09 ലക്ഷം യൂണിറ്റുകളായിരുന്നുവെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്രി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി.

ടൂവീലർ വില്പന 38.56 ശതമാനം താഴ്‌ന്ന് 10.13 ലക്ഷം യൂണിറ്റുകളായി. കഴിഞ്ഞവർഷം ജൂണിൽ 16.49 ലക്ഷം ടൂവീലറുകൾ ഇന്ത്യക്കാർ വാങ്ങിയിരുന്നു. വിറ്റഴിഞ്ഞ മോട്ടോർസൈക്കിളുടെ എണ്ണം 10.84 ലക്ഷത്തിൽ നിന്ന് 35.19 ശതമാനം നഷ്‌ടവുമായി 7.02 ലക്ഷം യൂണിറ്റുകളിലെത്തി. 5.12 ലക്ഷത്തിൽ നിന്ന് 2.69 ലക്ഷം യൂണിറ്റുകളായാണ് സ്‌കൂട്ടർ വില്പന ഇടിഞ്ഞത്. നഷ്‌ടം 47.37 ശതമാനം. കൊവിഡ് ഭീതിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കടുത്ത ലോക്ക്ഡൗണും മൂലം വാഹനങ്ങളുടെ വിതരണം (സപ്ളൈ) തടസപ്പെട്ടതും വില്പനയെ ബാധിച്ചു.

നഷ്‌ടത്തിന്റെ ട്രാക്ക്

(വിവിധ വിഭാഗങ്ങളും ജൂണിലെ നഷ്‌ടവും)

പാസഞ്ചർ വാഹനം : 49.59%

ടൂവീലർ : 38.56%

മോട്ടോർസൈക്കിൾ : 35.19%

സ്‌കൂട്ടർ : 47.37%