മുംബയ്: മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്ര്‌ഫോംസിൽ ഗൂഗിൾ 400 കോടി ഡോളർ (ഏകദേശം 30,000 കോടി രൂപ) നിക്ഷേപിച്ചേക്കും. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഫേസ്ബുക്ക് ഉൾപ്പെടെ ഒട്ടേറെ നിക്ഷേപകർക്ക് ജിയോയുടെ 25 ശതമാനം ഓഹരി കൈമാറി 1.17 ലക്ഷം കോടി രൂപ റിലയൻസ് നേടിയിരുന്നു. ഇതുവഴി, റിലയൻസിനെ കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കി മാറ്രാനും മുകേഷിന് കഴിഞ്ഞു.
അതേസമയം, നിക്ഷേപം സംബന്ധിച്ച് ഗൂഗിളും റിലയൻസും പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ അടുത്ത അഞ്ചു മുതൽ ഏഴു കൊല്ലത്തിനകം 1,000 കോടി ഡോളർ (75,000 കോടി രൂപ) നിക്ഷേപിക്കുമെന്ന് ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്രിന്റെയും സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.