കൊച്ചി: മിഡ്സൈസ് സെഡാൻ ശ്രേണിയിൽ ഹോണ്ട അവതരിപ്പിച്ച ജനപ്രിയ മോഡലായ സിറ്റിയുടെ അഞ്ചാംതലമുറ എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. ജപ്പാനിലെ തെച്ചിഗീയിലുള്ള ഹോണ്ടയുടെ ആർ ആൻഡ് ഡി സെന്ററിലാണ് പുത്തൻ സിറ്രി വികസിപ്പിച്ചത്. നീളവും വീതിയും വർദ്ധിപ്പിച്ചാണ് പുത്തൻ സിറ്രിയുടെ അവതരണം. പെട്രോൾ, ഡീസൽ പതിപ്പുകളുണ്ട്.
ഹോണ്ട സുപ്പീരിയർ എർത്ത് ഡ്രീംസ് ടെക്‌നോളജിയോട് കൂടിയ, ബി.എസ്-6 ചട്ടം പാലിക്കുന്ന പുതിയ 1.5 ലിറ്റർ ഐ-വിടെക് ഡി.ഒ.എച്ച്.സി പെട്രോൾ എൻജിൻ, ഇന്ത്യക്കായി പ്രത്യേകം നിർമ്മിച്ച 1.5 ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിൻ എന്നിവയാണുള്ളത്. 4.5 മീറ്റർ നീളം, 1.7 മീറ്റർ വീതി എന്നിവ ശ്രേണിയിലെ വലിയ വാഹനം എന്ന പെരുമ പുത്തൻ സിറ്റിക്ക് നൽകുന്നു. 1,489 എം.എം ആണ് ഉയരം. വീൽബേസ് 2.6 മീറ്രർ. പുതിയ 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷൻ, 7-സ്‌പീഡ് കണ്ടിന്യുവസ്‌ലി വേരിയബിൾ ട്രാൻസ്‌മിഷൻ (സി.വി.ടി) എന്നിവയാണ് പെട്രോൾ എൻജിനൊപ്പമുള്ള ഗിയർ ഓപ്‌ഷനുകൾ.
6-സ്‌പീഡ് വേരിയന്റ് ലിറ്രറിന് 17.8 കിലോമീറ്ററും 7-സ്‌പീഡ് സി.വി.ടി പതിപ്പ് 18.4 കിലോമീറ്ററും മൈലേജ് നൽകും. 6-സ്‌പീഡ് മാനുവൽ ഗിയർ സംവിധാനമുള്ള ഡീസൽ പതിപ്പ് വാഗ്‌ദാനം ചെയ്യുന്ന മൈലേജ് ലിറ്രറിന് 24.1 കിലോമീറ്റർ. ആകർഷകമായ രൂപഭംഗി, മികവുറ്റ ഒട്ടനവധി ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമായ പുത്തൻ സിറ്റി റേഡിയന്റ് റെഡ് മെറ്രാലിക്, പ്ളാറ്രിനം വൈറ്ര് പേൾ, മോഡേൺ സ്‌റ്രീൽ മെറ്രാലിക്, ലൂണാർ സിൽവർ മെറ്രാലിക്, ഗോൾഡൻ ബ്രൗൺ മെറ്രാലിക് എന്നീ നിറഭേദങ്ങളിൽ ലഭിക്കും.
വി., വി.എക്‌സ്., സെഡ്.എക്‌സ് വേരിയന്റുകളിലാണ് പുത്തൻ സിറ്റി എത്തുന്നത്. പെട്രോൾ പതിപ്പിന് എക്‌സ്‌ഷോറൂം വില 10.89 ലക്ഷം രൂപ മുതൽ. ഡീസലിന് 12.39 ലക്ഷം രൂപ മുതൽ.