കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന്റെ ഓഹരിവില ഇന്നലെ ബോംബെ ഓഹരി സൂചികയിൽ 12.65 ശതമാനം മുന്നേറി 443.90 രൂപയിലെത്തി. ബി.പി.സി.എല്ലിൽ സർക്കാരിന്റെ 52 ശതമാനം ഓഹരികളും പൂർണമായും വിറ്രൊഴിയാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഓഹരി വാങ്ങാൻ ലോകത്തെ വമ്പൻ എണ്ണക്കമ്പനികൾ താത്പര്യവുമായി മുന്നോട്ടെത്തിയതാണ് ഓഹരികൾക്ക് കരുത്തായത്.
ഓഹരി വില വരും നാളുകളിൽ കുതിച്ചുയരുമെന്നും ഇപ്പോൾ വാങ്ങുന്ന ഓഹരികളിൽ നിന്ന് പിന്നീട് വൻ ലാഭം നേടാനാകുമെന്നുമുള്ള പ്രതീക്ഷകളുടെ കരുത്തിൽ നിക്ഷേപകർ ബി.പി.സി.എൽ ഓഹരികളിലേക്ക് വൻതോതിൽ പണമൊഴുക്കി. സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്രവും വലിയ എണ്ണക്കമ്പനിയുമായ സൗദി ആരാംകോ, എക്‌സോൺ മൊബീൽ, അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) തുടങ്ങിയവയാണ് ബി.പി.സി.എല്ലിലെ സർക്കാർ ഓഹരി സ്വന്തമാക്കാൻ താത്പര്യം അറിയിച്ചത്. താത്പര്യപത്രം സമർപ്പിക്കാനുള്ള അന്തിമതീയതി ജൂലായ് 31 ആണ്. നിലവിൽ 96,000 കോടി രൂപയാണ് ബി.പി.സി.എല്ലിന്റെ ഓഹരിമൂല്യം.