oil

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ,​ ഡീസൽ ഡിമാൻഡ് വീണ്ടും ഇടിയുന്നു. ഉയർന്ന വിലയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും കടുക്കുന്നതുമാണ് വില്പനയെ ബാധിക്കുന്നത്. ഈമാസത്തിന്റെ ആദ്യ പകുതിയിൽ ഡീസൽ വില്പന,​ ജൂൺ ആദ്യ പകുതിയെ അപേക്ഷിച്ച് 18 ശതമാനം ഇടിഞ്ഞ് 22 ലക്ഷം ടണ്ണിലെത്തിയെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്ത് മൊത്തം ഇന്ധനവില്പനയുടെ 90 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി)​,​ ഭാരത് പെട്രോളിയം (ബി.പി.സി.എൽ)​,​ ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ)​ എന്നിവയുടെ വിഹിതമാണ്.

മൊത്തം വിറ്റഴിയുന്ന ഇന്ധനത്തിൽ അഞ്ചിൽ രണ്ടും ഡീസലാണ്. 2019 ജൂലായ് ആദ്യ പകുതിയെ അപേക്ഷിച്ച് ഈമാസം ആദ്യ രണ്ടാഴ്‌ചയിലെ ഇടിവ് 21 ശതമാനമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്തുലക്ഷത്തിലേറെ കൊവിഡ് പോസിറ്രീവ് രോഗികളുമായി,​ ഇന്ത്യ ലോകത്ത് ഏറ്രവുമധികം രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാംസ്ഥാനത്താണ്. അമേരിക്കയും ബ്രസീലുമാണ് യഥാക്രമം ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഈമാസം ഇതുവരെ പെട്രോൾ വില്പന 6.7 ശതമാനം താഴ്‌ന്ന് 8.80 ലക്ഷം ടണ്ണിലൊതുങ്ങി. മുൻവർഷം ജൂലായിലെ സമാനകാലയളവിലെ അപേക്ഷിച്ച് ഇടിവ് 12 ശതമാനം. രാജ്യതലസ്ഥാനത്ത് കഴിഞ്ഞദിവസം പെട്രോൾ വില റെക്കാഡ് ഉയരമായ 81.35 രൂപയിൽ എത്തിയിരുന്നു. അതേസമയം,​ എൽ.പി.ജി വില്പന വളർച്ച ജൂലായിലും തുടർന്നു. 6.5 ശതമാനം വളർച്ചയുമായി 10.75 ലക്ഷം ടണ്ണാണ് ഈമാസം ആദ്യപകുതിയിലെ വില്പന.