ഭാരതത്തിലെ ഋഷീശ്വരൻമാർ ലോകജനതയുടെ ആന്തരിക സൗഖ്യത്തിനും ശാരീരികാരോഗ്യം നിലനിറുത്താനും നൽകിയിട്ടുള്ള മഹത്തായ വരദാനമാണ് യോഗാശാസ്ത്രം. രോഗകാരണത്തിന് അനുസൃതമായി യോഗാസനങ്ങൾ ചിട്ടപ്പെടുത്തി യഥാവിധി പരിശീലിച്ചാൽ രോഗശമനം സാദ്ധ്യമാകും. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങൾ.
വർദ്ധിച്ചുവരുന്ന ജീവിതശൈലീരോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസസ്. മദ്യപാനവും ഹെപ്പറ്റൈറ്റിസ് വൈറസ് അണുബാധയും കരളിന് ഹാനികരമായ മറ്റുകാരണങ്ങളൊന്നുമില്ലാതെ, അമിത കലോറി അടങ്ങിയ ഭക്ഷണങ്ങളും വ്യായാമക്കുറവും ജനിതകവൈകല്യങ്ങളും മൂലമുണ്ടാകുന്ന കരൾരോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസസ്. ഈ വിഭാഗത്തിൽപ്പെട്ട ആളുകളെയാണ് പഠനവിധേയമാക്കിയത്. ആഗോളതലത്തിൽ ഏകദേശം നാലിൽ ഒരാൾക്ക് ഈ അസുഖം ബാധിക്കുന്നു. എന്നാൽ കേരളത്തിൽ പ്രായപൂർത്തിയായ മുപ്പത് മുതൽ അൻപത് ശതമാനം വരെ ആളുകളെ ബാധിക്കുന്നു. മുന്നൂറ്റിയൻപത് ലക്ഷം വരുന്ന ജനങ്ങളിൽ ഏകദേശം 90 ലക്ഷം മുതിർന്ന ആളുകളെ ബാധിച്ചിരിക്കുന്ന രോഗമാണിത്.
പ്രാരംഭദശയിൽ യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ കരളിലെ കോശങ്ങളെ ക്രമേണ നശിപ്പിച്ച് തകരാറിലാക്കുന്നു. നിസാരമായ കരൾവീക്കത്തിൽ തുടങ്ങി മഹോദരമായും പിന്നീട് ഗുരുതര കാൻസറായും പരിണമിക്കുന്നു. ഈ അസുഖത്തെ നേരത്തെ തന്നെ കണ്ടുപിടിച്ച് ജീവിതശൈലികളിൽ മാറ്റം വരുത്തി ഭേദമാക്കാം. ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും രോഗം തടയാം. മാരകമായ രോഗത്തെ ഭക്ഷണനിയന്ത്രണത്തിലൂടെയും യോഗാഭ്യാസത്തിലൂടെയും ഭേദമാക്കാമോ എന്ന പഠനമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
യോഗാഭ്യാസത്തിന്റെ പ്രാധാന്യം
''യോഗപരിശീലനത്തിലൂടെ കരൾ രോഗം നോൺ ആൾക്കഹോളിക് ഫാറ്രി ലിവർ ഭേദമാക്കാമോ?'' എന്ന പഠനത്തിന് നേതൃത്വം വഹിച്ചത് യു.കെയിലെ നോട്ടിംഗ് ഹാം സർവകലാശാലയും തിരുവനന്തപുരത്തെ പോപ്പുലേഷൻ ഹെൽത്ത് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഹോളിസ്റ്റിക് ഹെൽത്ത് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണ്.
കൃത്യമായ പരിശോധനയിലൂടെ നോൺ ആൾക്കഹോളിക് ഫാറ്രി ലിവർ ആണെന്ന് ബോദ്ധ്യപ്പെട്ട 83 പുരുഷൻമാരെ മാത്രമാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. അൾട്രാസൗണ്ട് സ്കാനിംഗ്, തൈറോയിഡ് ടെസ്റ്റ്,ലിപ്പിഡ് പ്രൊഫൈൽ,ലിവർ ഫംഗ്ഷൻ ടെസ്റ്റ്, രക്തസമ്മർദ്ദം,ഫൈബ്രോ സ്കാൻ, എം.ആർ.ഐ സ്കാനിംഗ് എന്നീ പരിശോധനകളിലൂടെയാണ് യോഗ്യതാനിർണയം നടത്തിയത്. ഈ പഠനത്തിന്റെ കാലയളവ് 112 ദിവസമായിരുന്നു. പഠനപങ്കാളികളെ നിശ്ചിത ഇടവേളകളിലായി 35 ദിവസം യോഗാചാര്യന്റെ നേതൃത്വത്തിൽ യോഗാഭ്യാസം പരിശീലിപ്പിക്കുകയും 77 ദിവസം സ്വയം പരിശീലനം ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്. ഇതിൽ ശ്വസനവ്യായാമങ്ങൾ, യോഗാസനങ്ങൾ, ഇടവിട്ടുള്ള വിശ്രമവേളകൾ, ആരംഭത്തിലും അവസാനത്തിലും ധ്യാനാവസ്ഥ മുതലായവ അടങ്ങിയിട്ടുണ്ട്. ഒരു മണിക്കൂർ ദൈർഘ്യമുള്ള യോഗാപാക്കേജാണ് 112 ദിവസം പരിശീലിപ്പിച്ചത്.
പഠനത്തിന്റെ ആരംഭത്തിൽ തന്നെ പങ്കാളികളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തി. ഒരു വിഭാഗത്തിന് ചുവന്ന അരിയും പയർവർഗങ്ങളും രണ്ടാമത്തെ വിഭാഗത്തിന് വെള്ളഅരിയും ഭക്ഷണത്തിലുൾപ്പെടുത്താൻ നിർദ്ദേശിച്ചു. രണ്ട് വിഭാഗത്തിനും ഒരുപോലെ യോഗാപരിശീലനം നൽകി. പഠനകാലയളവിൽ മാറ്റം വരുത്തിയ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. വെള്ള അരിയുമായി താരതമ്യം ചെയ്യുമ്പോൾ ചുവന്ന അരിയിൽ (തവിടുകളയാത്ത അരി) ശരീരത്തിന് ഗുണകരമായ പോളിഫെനോളുകളും നാരുകളും അടങ്ങിയിരിക്കുന്നു. ചുവന്നഅരിയിലുള്ള നാരുകൾ പഞ്ചസാരയെ സാവകാശം പുറത്തുവിടുന്നതിനാൽ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഹോർമോണിന്റെ ഉത്പാദനം സാവകാശം മതിയാകും, തൻമൂലം പാൻക്രിയാസിന്റെ പ്രവർത്തനക്ഷമത വർദ്ധിക്കുന്നു. കൃത്യമായ ഇടവേളകളിൽ യോഗാ പരിശീലനത്തിന്റെയും ഭക്ഷണനിയന്ത്രണങ്ങളുടെയും ഗുണഫലങ്ങൾ മനസിലാക്കുന്നതിനായി ശരീരസ്രവങ്ങളുടെ പരിശോധനകളും ശരീരഭാരം,രക്തസമ്മർദ്ദം, ബോഡി കോംപോസിഷൻ തുടങ്ങിയ പരിശോധനകളും നടത്തി.
കരളിനകത്തെ കൊഴുപ്പ് കുറഞ്ഞു
പഠനത്തിന്റെ ആരംഭദിശയിലും തുടർന്ന് അവസാനഘട്ടത്തിലുമാണ് ഫൈബ്രോ സ്കാൻ, എം.ആർ.ഐ എന്നിവ നടത്തിയിട്ടുള്ളത്.
16 ആഴ്ചകൾക്ക് ശേഷം പഠന പങ്കാളികളിൽ നടത്തിയ എം.ആർ.ഐ സ്കാനിലൂടെ കരളിനകത്തെ കൊഴുപ്പ് ശരാശരി 20 ശതമാനത്തോളം കുറഞ്ഞതായി കണ്ടു. 20-25 ശതമാനം വരെ കൊഴുപ്പ് കുറഞ്ഞാൽ ചികിത്സ ഫലപ്രദമാണെന്നാണ് ശാസ്ത്രീയ നിഗമനം. ഭക്ഷണത്തിൽ ചുവന്ന അരിയും പയർവർഗങ്ങളും ഉൾപ്പെടുത്തിയ വിഭാഗത്തിന് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട ഗുണഫലങ്ങളാണ് കിട്ടിയത്. ജി.ടി.ടി. , ഇൻസുലിൻ റെസിസ്റ്റൻസ്,എച്ച്.ബി.എ.വൺസി എന്നീ പരിശോധനകളിലൂടെ പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനശേഷി മെച്ചപ്പെട്ടതായി കണ്ടു. അതുപോലെ തന്നെ ഫൈബ്രോ സ്കാൻ, എം.ആർ.ഐ , ലിവർ ഫംഗ്ഷൻ ടെസ്റ്റ് എന്നീ പരിശോധനകളിലൂടെ കരളിന്റെ പ്രവർത്തനശേഷി കാര്യമായി മെച്ചപ്പെട്ടതായി മനസിലാക്കാനായി. ശരീരഭാരം, ബോഡി കോംപോസിഷൻ, ഹീമോഗ്രാം എന്നീ പരിശോധനകളിലും മികച്ച പുരോഗതിയാണ് കണ്ടത്. പഠനപങ്കാളികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകളിൽ പങ്കാളികളുടെ ആരോഗ്യത്തോടൊപ്പം കുടുംബാന്തരീക്ഷവും വളരെ മെച്ചപ്പെട്ടതായി മനസിലാക്കാൻ കഴിഞ്ഞു.
യോഗശാസ്ത്രത്തിന്റെ ഈ കാൽവയ്പ് ആരോഗ്യമേഖലയിൽ പുത്തൻ പ്രതീക്ഷകൾക്ക് വക നൽകുന്നു. യോഗാപരിശീലനത്തിലൂടെ കരൾ കാൻസറിൽ കൊണ്ടെത്തിക്കാവുന്ന കരൾ വീക്കത്തെ പ്രതിരോധിക്കാൻ യോഗാപരിശീലനം കഴിവുറ്റതാണെന്നാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്. കോവിഡ് 19 ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, യോഗാപരിശീലനം കൊണ്ട് നമ്മുടെ പ്രതിരോധശേഷിയും പ്രാണശക്തിയും വർദ്ധിപ്പിക്കാൻ കഴിയും.
(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗാസ്ട്രോഎൻറോളജി വിഭാഗം മുൻ മേധാവിയും ഗോകുലം മെഡിക്കൽ കോളേജിലെ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവിയുമാണ് ഡോ.കെ.ടി. ഷേണായ്, ഫോൺ-9447044364 )