
നെടുമങ്ങാട്: ഒരു മാസത്തിനിടെ തിരുവനന്തപുരത്തെ വിവിധ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ ആത്മഹത്യ ചെയ്ത മൂന്നു പേരും നെടുമങ്ങാട് സ്വദേശികൾ. കഴിഞ്ഞ മാസം പത്തിന് സംസ്ഥാനത്തു ആദ്യമായി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ആത്മഹത്യ ചെയ്തയാൾ നെടുമങ്ങാട് ആനാട് സ്വദേശി ഉണ്ണിയാണ്. മെഡിക്കൽ കോളേജ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട് ആനാട് എത്തിയ ഉണ്ണിയെ നാട്ടുകാരും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്നാണ് തിരികെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇതേ ദിവസം രാത്രിയോടെ, തമിഴ്‍നാട്ടിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നെടുമങ്ങാട് നെട്ട സ്വദേശിയും മെഡിക്കൽ കോളേജിലെ നിരീക്ഷണ വാർഡിൽ തൂങ്ങി മരിച്ചു. രണ്ടു മരണവും ഒരേ ദിവസം ആയതിനാൽ വൻ വാർത്തയായിരുന്നു. ഇതിനു ശേഷം നിരീക്ഷണ, ചികിത്സ കേന്ദ്രങ്ങളിൽ ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചിരുന്നു. ഇതിനിടയിലാണ് വിദേശത്തു നിന്നെത്തി ബാർട്ടൺഹിൽ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവാവ് കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് കൊപ്പം വള്ളൂക്കോണം മർഹബ മൻസിലിൽ അബ്ദുൽ വഹാബ് റജില ബീവി ദമ്പതികളുടെ മകൻ താഹ (36) ആണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ചത്. കഴിഞ്ഞ 25 നു ഗൾഫിൽ നിന്നെത്തി വീട്ടിൽ ക്വറന്റൈനിലായിരുന്ന ഇയാൾ ഇതിനിടയിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിലും അവിടെ നിന്നു ബാർട്ടൺഹിൽ ക്വറന്റൈൻ കേന്ദ്രത്തിലും പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ ക്വാറന്റൈൻ കേന്ദ്രത്തിന്റെ മുകളിൽ നിന്ന് ചാടിയ ഇയാളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ 7 ഒാടെ മരിക്കുകയായിരുന്നു. കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ അശ്രദ്ധയാണ് ഇത്തരം ആത്മഹത്യകൾ കൂടുന്നതിന് കാരണമെന്ന് ആരോപണമുണ്ട്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ മതിയായ ജീവനക്കാരില്ല എന്നതാണ് വസ്തുത.