കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്ന് കരകയറാൻ കുരുമുളക് വിപണി ഉറ്റുനോക്കുന്നത് ഉത്സവകാല ഡിമാൻഡിൽ. ഓണത്തോട് കൂടിയാണ് രാജ്യത്തു തന്നെ ഉത്സവകാല സീസണിന് തുടക്കമാകുന്നത്. രക്ഷാബന്ധനും വിനായക ചതുർത്ഥിയും കൂടി വിരുന്നെത്തുന്നതോടെ ഉത്തരേന്ത്യയിലും ഡിമാൻഡ് കൂടും. ഇത്, മികച്ച വില ലഭ്യമാക്കുമെന്നാണ് വ്യാപാരികളുടെയും കർഷകരുടെയും പ്രതീക്ഷ.
കൊച്ചിയിൽ കഴിഞ്ഞവാരം കിലോയ്ക്ക് ഒരു രൂപ വർദ്ധിച്ച് വില 304 രൂപയായിട്ടുണ്ട്. അതേസമയം, നിലവാരം കുറഞ്ഞ കുരുമുളകിന്റെ ഇറക്കുമതി ആഭ്യന്തര കർഷകരെ വലയ്ക്കുന്നുണ്ട്. ഈവർഷം ജനുവരി-ജൂൺ കാലയളവിൽ 11,055 ടൺ കുരുമുളക് ഇന്ത്യ ഇറക്കുമതി ചെയ്‌തു. മുൻവർഷത്തെ സമാനകാലയളവിൽ ഇറക്കുമതി 10,836 ടൺ ആയിരുന്നു. അതേസമയം, ആഭ്യന്തര ഉപയോഗത്തിനുള്ള വിദേശ കുരുമുളക് ഇറക്കുമതിക്ക് കേന്ദ്രസർക്കാർ മിനിമം വില കിലോയ്ക്ക് 500 രൂപയായി നിശ്‌ചയിച്ചിരുന്നു. ഈയിനത്തിൽ ഇറക്കുമതി 408 ടണ്ണിൽ നിന്ന് 717 ടണ്ണിലേക്ക് ഉയർന്നു.
ആഭ്യന്തര ഉപയോഗത്തിനല്ലാതെ കുരുമുളക് ഇറക്കുമതി ചെയ്യുന്നത്, മൂല്യവർദ്ധന വരുത്താനും വിദേശത്തേക്ക് അവ കയറ്രുമതി ചെയ്യാനുമാണ്. ഇവയ്ക്ക് മിനിമം ഇറക്കുമതി വില നിബന്ധന ബാധകമല്ല. എന്നാൽ, ഈയിനത്തിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളകും ആഭ്യന്തര വിപണിയിലേക്ക് മറിക്കുന്നുവെന്ന പരാതി കർഷകർക്കുണ്ട്. ഇത്തരം തട്ടിപ്പ് തടയാൻ പരിശോധന കർശനമാക്കണമെന്ന ആവശ്യവും അവർ കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്.