ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി പണമാക്കി മാറ്റിയാൽ രാജ്യത്ത് പലിശഭാരം കുത്തനെ കുറയുമെന്ന് എസ്.ബി.ഐയുടെ റിപ്പോർട്ട്. കൊവിഡും ലോക്ക്ഡൗണും കടുത്ത സാമ്പത്തിക ഞെരുക്കം സൃഷ്‌ടിച്ച പശ്‌ചാത്തലത്തിൽ ഉത്തേജക പാക്കേജിന് പണം കണ്ടെത്താനായി ഈ ആശയം നടപ്പാക്കമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ, സാമ്പത്തിക ശാസ്‌ത്രത്തിലെ നോബൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജി, കേരളത്തിന്റെ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് തുടങ്ങി ഒട്ടേറെ പ്രമുഖർ നേരത്തേ, കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് പ്രതിസന്ധിമൂലം നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ കടബാദ്ധ്യത ജി.ഡി.പിയുടെ 87.6 ശതമാനമായി ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. 2019-20ൽ ഇത് 72.2 ശതമാനമായിരുന്നു. 2011-12ൽ 67.4 ശതമാനവും. നിലവിൽ, കേന്ദ്രം പുറത്തിറക്കുന്ന കടപ്പത്രങ്ങൾ വാണിജ്യ ബാങ്കുകൾ വാങ്ങുകയും അവയത് റിസർവ് ബാങ്കിൽ ഈടുവച്ച് പണം നേടുകയുമാണ് ചെയ്യുന്നത്. ഈ പണമാണ്, പിന്നീട് വായ്‌പയായി വിപണിയിൽ എത്തുന്നത്. എന്നാൽ, ഇതിനുപകരം കേന്ദ്രത്തിന്റെ കടപ്പത്രം റിസർവ് ബാങ്ക് നേരിട്ടുവാങ്ങുകയും ആനുപാതിക തുക പുതിയ കറൻസികൾ അച്ചടിച്ച് കേന്ദ്രത്തിന് കൈമാറുകയും ചെയ്യുന്നതാണ് ധനക്കമ്മി പണമാക്കുകയെന്നതിന് അർത്ഥം.
നാണയപ്പെരുപ്പം കുത്തനെ കൂടിയേക്കുമെന്നതിനാൽ, ഈ ആശയം ധനമന്ത്രാലയം തുടക്കത്തിലേ തള്ളിയിരുന്നു. എന്നാൽ, ലോക്ക്ഡൗൺ മൂലം ഡിമാൻഡ് തീരെയില്ലാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ നാണയപ്പെരുപ്പം പരിധിവിട്ടുയരില്ലെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ദ്ധരുടെ വാദം.