നെയ്യാറ്റിൻകര: എല്ലാ മേഖലിയുമുണ്ട് സ്‌പെഷ്യലിസ്റ്റുകൾ. 'ചേന"ക്കാര്യത്തിന്റെ സ്‌പെഷ്യലിസ്റ്റാണ് നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി ശ്യാംകുമാർ. ലോക്ക് ഡൗണായതോടെ ചേന പ്രണയം ഇരട്ടിച്ചു. ചന്തകളിൽ ചേന എത്തിച്ച് വിൽക്കുന്നത് കുറഞ്ഞപ്പോൾ മുഴുവൻ സമയവും പറമ്പിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഈ കർഷകൻ.
വനങ്ങളിൽ ചെന്ന് ഗോത്രവർഗക്കാരിൽ നിന്ന് നേടിയെടുത്ത ഗജേന്ദ്ര ചേനയും മലഞ്ചേനയുമാണ് ശ്യാംകുമാറിന്റെ പ്രധാന കൃഷി സമ്പാദ്യങ്ങൾ. ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണകേന്ദ്രത്തിലെ വിവിധ കിഴങ്ങുകളുടെ വിത്തും വീട്ടിലെ അമ്പത് സെന്റിൽ കൃഷിയിറക്കി. പെരുങ്കടവിള സ്വദേശി സഹദേവപ്പണിക്കരുടെയും വിലാസിനിയുടെയും മൂത്തമകനാണ് ശ്യാംകുമാർ. പരമ്പരാഗതമായി കിഴങ്ങുവിളകൾ കൃഷിചെയ്യുന്നവരാണ് തങ്ങളെന്ന് ശ്യാംകുമാർ പറയുന്നു.
എങ്ങനെ ചേന വളർത്താം
വെള്ളക്കെട്ടില്ലാത്ത എവിടെയും ചേന നടാം. ഇളകിയതും വായുസഞ്ചാരം കൂടുതൽ ലഭിക്കുന്നതുമായ വളക്കൂറുള്ള മണ്ണാണ് ഉത്തമം. തനിവിളയിലും തെങ്ങിൻതോപ്പിലും ഇടവിളയായും കൃഷിചെയ്യാം. വയലുകൾ ഒഴിവാക്കണം. വരികൾ തമ്മിലും ചെടികൾ തമ്മിലും 90 സെന്റിമീറ്റർ അകലമുണ്ടാക്കി കുഴികളെടുക്കണം. 60 സെന്റിമീറ്റർ നീളവും വീതിയും 45 സെന്റിമീറ്റർ താഴ്ചയുമുണ്ടായിരിക്കണം.
ഇതിൽ 2.5 കി.ഗ്രാം കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ രണ്ടു കിലോഗ്രാം ചാരം എന്നിവ മേൽമണ്ണുമായി കലർത്തിയോ കുഴിനിറയ്‌ക്കുക. എല്ലുപൊടിയും വേപ്പിലപ്പിണ്ണാക്കും ചേർക്കാം. കാലിവളത്തോടൊപ്പം ഡൈക്കോഡർമ ചേർത്താൽ പ്രതിരോധശേഷി ഉണ്ടാക്കാം.
എങ്ങനെ നടാം
ഒരു കിലോഗ്രാമുള്ള വിത്തുവേണം തിരഞ്ഞെടുക്കാൻ. മുളയുടെ ഭാഗംകൂടി ഉൾപ്പെടണം. കുമിൾ ബാധയില്ലാതാക്കാൻ 20 ഗ്രാം സ്യൂഡേമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനിയിൽ അരമണിക്കൂർ മുക്കിയശേഷം തണലത്ത് ഉണക്കി നടാം. മഞ്ഞൾപ്പൊടിയും കറിയുപ്പും ചേർത്ത ലായനിയിൽ മുക്കി ഉണക്കി നടുന്ന രീതിയുമുണ്ട്. കുഴിയുടെ നടുവിൽ ചെറിയൊന്നുകൂടി കുത്തി വിത്തു നട്ട് മണ്ണിട്ടുമൂടി ചെറുതായി അമർത്തുക. കുഴിയിൽ കരിയിലയും പാഴ് വസ്തുക്കളും ഉപയോഗിച്ച് പുതയിടണം. ഇടയ്‌ക്ക് നനയ്ക്കുകയും വേണം.
മഴ പെയ്താൽ മേൽവളം ചേർക്കണം. കമ്പോസ്റ്റ്, കാലിവളം, കോഴിവളം, പച്ചില, വളതൂപ്പുകൾ തുടങ്ങിയവയൊക്കെ ഇടയ്ക്ക് ചേർക്കണം. കടലപ്പിണ്ണാക്ക് പൊടിച്ചുചേർക്കാം. ചേനയുടെ വേരുകൾക്ക് ക്ഷതമേൽക്കാതെ മണ്ണിട്ട് മൂടണം. തണ്ടും മണ്ണും ചേരുന്ന ഭാഗം അഴുകുന്നത് ഒഴിവാക്കാൻ സ്യൂഡേമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ചുവട്ടിലും തണ്ടിലും ചേർത്ത് ഒഴിക്കണം. ഒമ്പത് മാസമാവും 20 ദിവസവും ആകുമ്പേഴേക്കും വിളവെടുക്കാം.
അവാർഡ് ചേന
ശ്യാംകുമാർ വളർത്തിയ 67 കിലോ ഗ്രാം തൂക്കമുള്ള ചേനയ്‌ക്ക് ശ്രീകാര്യത്ത് നടന്ന കാർഷിക വിഭവ മേളയിൽ അവാർഡ് ലഭിച്ചിരുന്നു. 120 കിലോഗ്രാം തൂക്കമുള്ള മരിച്ചീനി വളർത്തിയതിന് പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 25 വർഷമായി കാർഷിക രംഗത്തുള്ള ശ്യാംകുമാറിന് വലതും ചെറുതുമായ 27 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.