foot

കിളിമാനൂർ: സംസ്ഥാന പാത വികസിക്കുമ്പോഴും വാഹനത്തിരക്ക് കാരണം കാൽനടക്കാർ ബുദ്ധിമുട്ടുന്ന കിളിമാനൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സബ് ട്രഷറി, എംപ്ലോയ്‌മെന്റ് ഓഫീസ്, എ.ഇ.ഒ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി 13 സർക്കാർ സ്ഥാപനങ്ങൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്.

വിവിധ ആവശ്യങ്ങൾക്കായി വൃദ്ധരും ഭിന്നശേഷിക്കാരുമടക്കം നൂറു കണക്കിന് ആളുകളാണ് ദിവസവും സിവിൽ സ്റ്റേഷനിലെത്തുന്നത്. സമീപത്ത് പൊലീസ് സ്റ്റേഷനും സ്വകാര്യ ബാർ ഹോട്ടലും നാനൂറോളം കുട്ടികൾ പഠിക്കുന്ന ഗവ. ടൗൺ യു.പി.എസുമെല്ലാം ഉണ്ട്. ഇവിടേക്കുള്ള കാൽനടക്കാരും റോഡ് മറികടക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്.

കുന്നുമ്മൽ, തൊളിക്കുഴി റോഡുകൾ സന്ധിക്കുന്നത് സിവിൽ സ്റ്റേഷന് മുന്നിലാണ്. സംസ്ഥാന പാതയിലെ വാഹനത്തിരക്ക് കാരണം റോഡ് മറികടക്കാൻ ആളുകൾ കാത്തിരിക്കുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. റോഡ് കടക്കുന്നതിനിടെ നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. പെൻഷൻ വാങ്ങാൻ ട്രഷറിയിലെത്തുന്നവർ റോഡ് കടക്കാൻ നന്നേ പ്രയാസപ്പെടുകയാണ്. എപ്പോഴും തിരക്കുള്ള ഇവിടെ വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനവുമില്ല.

കഴക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷാ ഇടനാഴിയാക്കുന്ന കെ.എസ്.ടി.പിയുടെ പദ്ധതിയിലും സിവിൽ സ്റ്റേഷന് മുന്നിലെ നടപ്പാലം ഉൾപ്പെടുത്തിയിട്ടില്ല.

സിവിൽ സ്റ്റേഷന് മുന്നിൽ മേൽപ്പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം കേരള കൗമുദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം സർക്കാരിന്റെയും, കെ.എസ്.ടി.പിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബി. സത്യൻ എം.എൽ.എയും പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച നടപടികളൊന്നും ഉണ്ടായില്ല.

അപകട മേഖലയായ തട്ടത്തുമല ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി. സത്യൻ നിയമസഭയിൽ സബ്മിഷൻ നൽകിയിരുന്നു. ഇതേത്തുടർന്ന് തട്ടത്തുമലയിൽ മേൽപ്പാല നിർമ്മാണത്തിന്റെ സാദ്ധ്യതാപഠനത്തിനായി ഒരു സമിതിയെ നിയമിക്കാൻ തീരുമാനിച്ചു. സമിതിയുടെ റിപ്പോർട്ട് കിട്ടുംവരെ മേൽപ്പാല നിർമ്മാണവും വൈകിയേക്കും. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ റോഡ് മുറിച്ച് കടക്കാൻ പെടാപ്പാടിലാണ്.

മേൽപ്പാലം അത്യാവശ്യം

 സബ് ട്രഷറിക്ക് മുന്നിൽ കാൽനടക്കാർ അപകടത്തിലാകുന്നത് പതിവ്

 ട്രഷറിയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ- 13

 തിരക്ക് കാരണം റോഡ് മറികടക്കാൻ നിൽക്കുന്നവർ പതിവ് കാഴ്ച

 കഴക്കൂട്ടം-അടൂർ സുരക്ഷാ ഇടനാഴി പദ്ധതിയിലും കിളിമാനൂരിന് മേൽപ്പാലമില്ല

 തട്ടത്തുമലയിൽ മേൽപ്പാല നിർമ്മാണത്തിന്റെ സാദ്ധ്യതാ പഠനത്തിന് സമിതി

'തട്ടത്തുമലയിൽ മേൽപ്പാലം നിർമ്മിക്കാൻ നടപടിയെടുക്കും. കിളിമാനൂർ മിനി സിവിൽ സ്റ്റേഷനു മുന്നിലായി സംസ്ഥാന പാതയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം സർക്കാരിന്റെയും കെ.എസ്.ടി.പി.യുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്".

- ബി. സത്യൻ എം.എൽ.എ