rajani

ചെന്നൈ: പോയസ് ഗാർഡനിലെ വീട്ടിൽ നിന്ന് പുത്തൻ ലംബോ‌ർഗിനിയിൽ സ്റ്റൈൽ മന്നൻ ഒരു റൗണ്ടടിച്ച് മകൾ സൗന്ദര്യയുടെ വീട്ടിൽച്ചെന്ന് മടങ്ങിയപ്പോഴേക്കും ട്വിറ്ററിൽ ചിത്രം വൈറൽ. പക്ഷേ,​ മൂന്നേകാൽ കോടിയിലധികം വിലയുള്ള ലംബോർഗിനി ഉറൂസോ, ‌‌ഡ്രൈവിംഗ് സീറ്റിലെ സൂപ്പർസ്റ്റാറോ അല്ല,​ ശരിക്കും തരംഗമായത് രജനിയുടെ മാസ്‌ക് ആണെന്നു മാത്രം! ദളപതി മാസ്‌ക് ധരിച്ച്,​ സീറ്റ് ബെൽറ്റിട്ട് കൂളായി ഉറൂസ് ഓടിച്ചു പോകുന്ന ചിത്രത്തിന് ആരാധകർ അടിക്കുറിപ്പുമെഴുതി: ലയൺ ഇൻ ലംബോർഗിനി!

പുതിയ ചിത്രമായ 'അണ്ണാത്ത'യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് വില്ലനായി കൊവിഡും പിന്നാലെ ലോക്ക് ഡൗണും വന്നത്. അതോടെ രജനീകാന്ത് വീട്ടിൽ വിശ്രമത്തിലായി. ചെന്നൈയിൽ ഇളയ മകൾ സൗന്ദര്യയുടെ താമസം അധികദൂരത്തല്ല. കൊച്ചുമകൻ വേദ് കൃഷ്ണയെ കാണാൻ തോന്നുമ്പോഴൊക്കെ ഇതുപോലെ ഒരു പോക്കാണ്. പ്രീമിയർ മുതൽ പോർഷെ വരെ കിടിലങ്ങൾ പലതും ഗാരേജിലുണ്ടെങ്കിലും ഇത്തവണ പുതുപുത്തൻ ഉറൂസിലായിരുന്നു യാത്ര.

ഇതുപോലെ അപൂർവമായി ഇടവേള കിട്ടുമ്പോൾ രജനിയുടെ നേരമ്പോക്കാണ് ചെന്നൈയിലൂടെ കാറുമായി കറക്കം. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ ചിലപ്പോൾ വേഷം മാറും. പൊതുവേദികളിൽ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുന്ന താരം അപ്പോഴാണ് സിനിമയിലല്ലാതെ വേഷം മാറുന്നത്. ഇത്തവണ പക്ഷെ ഉറൂസ് ഓടിച്ചുപോയത് ഒറിജിനൽ രജനി. തൂവെള്ള ജൂബയും നരച്ച താടിയും മാസ്‌കുമായി നല്ല സ്റ്റൈലിൽ.

യാത്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ആരാധകരുടെ ലൈക്കും ഷെയറും കമന്റും തുരുതുരാ. പടം സൂപ്പർഹിറ്റ്. അക്കൂട്ടത്തിലൊരു ആരാധകന്റെ സംഭാവനയാണ് ലയൺ ഇൻ ലംബോർഗിനി! മകൾ സൗന്ദര്യയുടെ ആദ്യവിവാഹത്തിലെ മകനാണ് വേദ് കൃഷ്ണ. നടനും വ്യവസായിയുമായ വിശാഖൻ വണങ്കാമുടിയുമായി കഴിഞ്ഞ വർഷമായിരുന്നു രണ്ടാം വിവാഹം. മകനുമായി സൗന്ദര്യ ഇങ്ങോട്ടു വന്നില്ലെങ്കിൽ ഇടയ്‌ക്ക് അപ്പൂപ്പന്റെ സർപ്രൈസ് വിസിറ്റ് അങ്ങോട്ടുണ്ടാകും. ഇത്തവണത്തെ യാത്രയിൽ മാസ്‌ക് തരംഗമായതോടെ രജനിയുടെ ഫോളോവേഴ്സും തീരുമാനമെടുത്തു: 'മാസ്‌ക് ഇല്ലാമെ വെളിയിലിറങ്ക മാട്ടേൻ.'