ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിൽ തുടരുമെന്നും നടപ്പു സാമ്പത്തിക വർഷം (2020-21) മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നെഗറ്രീവ് 6.1 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നും പ്രമുഖ ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ അഭിപ്രായപ്പെട്ടു. കൊവിഡും ലോക്ക്ഡൗണും മൂലം ഉത്‌പന്ന-സേവനങ്ങളുടെ വിതരണവും ഉപഭോക്തൃ ഡിമാൻഡും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പി നെഗറ്റീവ് 15.2 ശതമാനമായിരിക്കും. സെപ്‌തംബർ പാദത്തിൽ നെഗറ്രീവ് 5.6 ശതമാനം, ഡിസംബർ പാദത്തിൽ നെഗറ്റീവ് 2.8 ശതമാനം, മാർച്ച്പാദത്തിൽ നെഗറ്രീവ് 1.4 ശതമാനം എന്നിങ്ങനെയും പ്രതീക്ഷിക്കുന്നു. ആഗസ്‌റ്രിലെ ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ നിലനിറുത്താനാണ് സാദ്ധ്യത. അതേസമയം, ഒക്‌ടോബറിലും ഡിസംബറിലും റിപ്പോ നിരക്ക് കാൽ ശതമാനം വീതം കുറച്ചേക്കുമെന്നും നോമുറ വിലയിരുത്തുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഈവർഷം ഇതുവരെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 1.15 ശതമാനം കുറച്ചിട്ടുണ്ട്.