കൊച്ചി: ആഗോളചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികൾ തുടർച്ചയായ അഞ്ചാംനാളിലും മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ് ഓഹരികളാണ് ഇന്നലെ നേട്ടത്തിന് നേതൃത്വം കൊടുത്തത്. കൊറോണ വൈറസിനെ തുരത്താനുള്ള വാക്‌സിൻ വിജയകരമായി വികസിപ്പിച്ചുവെന്ന വാർത്തകൾ ആഗോളതലത്തിൽ നിക്ഷേപക ലോകത്തിന് ആശ്വാസം പകരുന്നുണ്ട്.
സെൻസെക്‌സ് 511 പോയിന്റുയർന്ന് 37,930ലും നിഫ്‌റ്രി 140 പോയിന്റ് മുന്നേറി 11,162ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, പവർഗ്രിഡ്, റിലയൻസ് ഇൻഡസ്‌ട്രീസ്, മാരുതി സുസുക്കി എന്നിവയാണ് മികച്ച നേട്ടം കൊയ്‌ത പ്രമുഖ ഓഹരികൾ. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, സൺ ഫാർമ എന്നിവ നഷ്‌ടത്തിലേക്ക് വീണു. ഓക്‌സ്‌ഫോഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ, കൊറോണയ്ക്ക് ഫലപ്രദമായ പ്രതിരോധമാണെന്ന് തെളിഞ്ഞ പശ്‌ചാത്തലത്തിലാണ് ആഗോളതലത്തിൽ ഓഹരി വിപണികൾ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചത്. ഡോളറിനെതിരെ രൂപ ഇന്നലെ 17 പൈസ മുന്നേറി 74.74ലും വ്യാപാരം അവസാനിപ്പിച്ചു.