തിരുവനന്തപുരം: മത്സ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യമാർക്കറ്റുകളിലും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ അധികാരികൾക്ക് പറ്റിയ വീഴ്ചയാണ് ഇപ്പോൾ തീരദേശമാകെ സമൂഹ വ്യാപനത്തിലേക്ക് എത്താൻ പ്രധാന കാരണം. ലോകത്താകെ കൊവിഡ് പൊട്ടിത്തെറിയുണ്ടായത് മാർക്കറ്റുകളിലായിരുന്നു എന്നതുപോലും മറന്നുപോയി. തീരപ്രദേശമായ പൂന്തുറയിലും പുല്ലുവിളയിലുമാണ് സമൂഹ്യവ്യാപനം ഉണ്ടായതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തീരപ്രദേശമാകെ കൊവിഡ് സമൂഹവ്യാപനത്തിന്റെ പിടിയിലമർന്നിരിക്കുകായാണ്. ഇത് മറ്റു പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് തീരപ്രദേശത്തെ മൂന്നു സോണായി തിരിച്ച് പൊലീസ് നിയന്ത്രണം കൂടുതൽ കർശനമാക്കിയത്. സംസ്ഥാനത്ത് നിരോധനം നിലവിൽ വന്നപ്പോൾ ചാകരക്കോളിന്റെ പ്രതീക്ഷയിലായ വിഴിഞ്ഞത്ത് തിരക്കു കൂടിയത് കൊവിഡ് നിയന്ത്രണങ്ങൾ വലപൊട്ടിക്കുമെന്ന തരത്തിൽ ജൂൺ 11ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജില്ലാകളക്ടർ തീരത്തെത്തി സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയായി.
കടലിൽ സുരക്ഷ വാക്കുകളിൽ മാത്രം
കുമരിച്ചന്തയിൽ മത്സ്യമൊത്ത വ്യാപാരം നടത്തുന്ന പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഈ മാസം ഒന്നിനായിരുന്നു. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടായത് എട്ടിനും. തുടർന്നാണ് മത്സ്യബന്ധനം വിലക്കുന്നത്. തമിഴ്നാട്ടിൽ നിന്നു മത്സ്യത്തൊഴിലാളികൾ കടൽ വഴി എത്തുന്നത് തടയുന്നതിന് കടലിൽ മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്റ് ഗാർഡും പരിശോധന നടത്തുമെന്നാണ് എട്ടിനു പറഞ്ഞിരുന്നത്. എന്നാൽ കടൽവഴിയും കരവഴിയുമൊക്കെ തമിഴ്നാട്ടിൽ നിന്നും മത്സ്യം ഇവിടെ എത്തി.
ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവ്
പൂന്തുറ ഉൾപ്പെടുന്ന തീരദേശ മേഖലയിൽ പ്രതിദിനം 500 കൊവിഡ് ടെസ്റ്റ് നടന്നിരുന്നിടത്ത് ഇപ്പോൾ 200 വരെ ടെസ്റ്റുകളേ നടക്കുന്നുള്ളൂ. പരിശോധന മറ്റ് തീരങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പരിശോധന കൂടുമ്പോൾ രോഗികളുടെ എണ്ണവും കൂടുന്നു. അത്രയും പേരെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നത് ഒഴിവാക്കാനാണ് പരിശോധന കുറയ്ക്കുന്നതെന്നാണ് ആക്ഷേപം. കൂടുതൽ പരിശോധന നടത്തി രോഗികളെ കണ്ടെത്തുകയാണ് വേണ്ടതെന്നാണ് ഐ.എം.എ ഉൾപ്പെടയുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.
മീനില്ലാതെ പറ്റില്ല
ഉച്ചയൂണിന് മീൻ ഒഴിവാക്കാനാവാത്തവരാണ് തീരദേശവാസികൾ. ഇപ്പോൾ കരമടി മത്സ്യബന്ധനത്തിനു മാത്രമാണ് നിയന്ത്രണങ്ങളോടെ അനുവാദമുള്ളത്. മത്സ്യവിപണനവും നിരോധിച്ചിരിക്കുകയാണ്. കടകളിൽ വില്പനയ്ക്ക് എത്തിച്ചിരുന്ന ഉണക്കമീനും വിറ്റു തീർന്നു. ഇപ്പോൾ മീൻകറിയുടെ കറിക്കൂട്ട് കൊണ്ട് പച്ചക്കറി ഉപയോഗിച്ച് കറി വയ്ക്കുകയാണ് പല കുടുംബങ്ങളും.