തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൂന്തുറ ഉൾപ്പെടെയുള്ള തീരദേശമേഖലയിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും മുവായിരം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിലുൾപ്പെടുന്ന തീരദേശമേഖലയിലെ സോൺ രണ്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്തുന്നതിനായി ചാക്കയിലെ ഇൻസിഡന്റ് കമാൻഡർ കൺട്രോൾ റൂമിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരദേശമേഖലയിൽ രണ്ട് ലക്ഷം മാസ്കുകളും അമ്പതിനായിരം സാനിറ്റൈസറുകളും അനുവദിച്ചതിന്റെ ഉദ്ഘാടനം അഡിഷണൽ ഡി.എം.ഒ ഡോ. നീനാറാണിക്ക് അവ കൈമാറി എം.എൽ.എ നിർവഹിച്ചു. ഇൻസിഡന്റ് കമാൻഡർമാരായ എം.ജി. രാജമാണിക്യം, പി. ബാലകിരൺ, എസ്.പി.കെ.ഇ. ബൈജു, ഡെപ്യൂട്ടി കളക്ടർ ജയമോഹനൻ, എ.ഡി.എം.ഒ. ഡോ. നീനാ റാണി, തഹസീൽദാർ ഷാജു, നഗരസഭ, ആരോഗ്യ, സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലർമാരായ ബീമാപള്ളി റഷീദ്, പീറ്റർ സോളമൻ, പ്രിയ ബിജു, സജീന ടീച്ചർ, മേരി ലില്ലി രാജാ, സോളമൻ വെട്ടുകാട് തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെയും പങ്കെടുത്തു.