പെങ്ങളുടെ പേരുകൂട്ടി തെറിപറഞ്ഞ ഒരുവനെ ലോകകപ്പ് ഫൈനലാണെന്നുപോലും ചിന്തിക്കാതെ തലകൊണ്ട് നെഞ്ചത്ത് ഇടിച്ച് തറയിലിട്ടുകളഞ്ഞയാളാണ് സിനദിൻ സിദാൻ. ആ ഒറ്റയിടിയിൽ ഫ്രാൻസിന് കൈമോശം വന്നത് 2006ലെ ലോകകപ്പാണെന്ന് കരുതുന്നവർ ഇന്നുമുണ്ട്. അതിനു മുമ്പോ ശേഷമോ സിസു എന്ന് വിളിപ്പേരുള്ള സിദാൻ എന്ന കളിക്കാരനിൽ നിന്ന് ആ അളവിൽ ദേഷ്യമോ സന്തോഷമോ കളിക്കളത്തിൽ വച്ച് പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. കളിക്കുപ്പായമൂരിവച്ച് പരിശീലകന്റെ വേഷമണിഞ്ഞപ്പോൾ അയാൾ ഒന്നുകൂടി ശാന്തനായി മാറുകയായിരുന്നു. വല്ലപ്പോഴും വിരിയുന്ന ഒരു പുഞ്ചിരിയിൽ വികാരങ്ങൾ ഒതുക്കിപ്പിടിക്കാൻ പഠിച്ചപോലെ.
എന്നാൽ കഴിഞ്ഞയാഴ്ച സിദാൻ പരിശീലിപ്പിക്കുന്ന റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗയിൽ വിയ്യാറയലിനെ തോൽപ്പിച്ച് കിരീടമുറപ്പാക്കിയപ്പോൾ അയാളിലേക്ക് ഇരമ്പിക്കയറിയ സന്തോഷം അതിന്റെ എല്ലാ ആർജവത്തോടെയും മറ്റുളള്ളവരിലേക്കും പ്രവഹിക്കുകയായിരുന്നു. വികാരങ്ങളെ ഒതുക്കിപ്പിടിക്കാൻ മനസിനെ പഠിപ്പിച്ച സിദാനെ അതെല്ലാം മറക്കാൻ അത്രത്തോളം പ്രേരിപ്പിക്കുന്നതായിരുന്നു ലാ ലിഗയിലെ കിരീടനേട്ടം. തുടർച്ചയായി മൂന്ന് തവണ യൂറോപ്പിലെ ഒന്നാം ഡിവിഷൻ ലീഗായ ചാമ്പ്യൻസ് ലീഗിൽ റയലിനെ ചാമ്പ്യൻസാക്കിയപ്പോഴും കുലുങ്ങാത്ത ആ മല ഇളകിയത് ഇൗ കിരീടനേട്ടം സിദാൻ എന്ന കോച്ചിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കുന്നു.
മത്സരശേഷം സിദാൻ പറഞ്ഞതും അതുതന്നെയാണ്. മറ്റേതൊരു കിരീടത്തേക്കാളും താൻ വിലമതിക്കുന്നത് ലാ ലിഗ കിരീടത്തേയാണെന്ന് ഒരു സീസൺ മുഴുവൻ നന്നായി പോരാടിയാൽ മാത്രമേ ലാ ലിഗ പട്ടം കിട്ടുകയുള്ളൂ.തന്റെ ടീം തുടക്കം മുതൽ ഒടുക്കംവരെ മികവ് നിലനിറുത്തി എന്നതിന്റെ തെളിവായാണ് സിദാൻ ഇൗ കിരീടനേട്ടത്തെ കാണുന്നത്. 2016ൽ സിസു റയലിന്റെ കോച്ചായി സ്ഥാനമേറ്റെടുത്ത ആദ്യ സീസണിൽത്തന്നെ ക്ളബ് ലാ ലിഗയും ചാമ്പ്യൻസ് ലീഗും ഒരുമിച്ച് നേടിയിരുന്നു.എന്നാൽ റാഫേൽ ബെനിറ്റ്സ് പകുതിവഴിയിൽ നിറുത്തിയേടത്തുനിന്നാണ് സിസു അന്ന് തുടങ്ങിയത്. ഇതാദ്യമായാണ് ഫുൾ സീസൺ കോച്ചായി സിദാൻ ലാ ലിഗ കിരീടത്തിൽ മുത്തമിടുന്നത്.
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇൗ കിരീടം ലോക്ക്ഡൗണിന് ശേഷമുള്ള തന്റെ കുട്ടികളുടെ മികച്ച പ്രകടനത്തിന്റെ ഫലമെന്നാണ് സിസു പറയുന്നതെങ്കിലും സിദാൻ എന്ന പരിശീലകന്റെ സ്വാധീനം ഇൗ വിജയത്തിന് പിന്നിൽ പ്രകടമാണ്.
നാലുകൊല്ലം മുമ്പ് റയൽ മാഡ്രിഡിന്റെ ബി ടീം കോച്ച് സ്ഥാനത്തു നിന്ന് ഫസ്റ്റ് ടീം കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം സിദാൻ ഏറ്റുവാങ്ങിയത് 11 കിരീടങ്ങളാണ്. ഇതിൽ മൂന്ന് ചാമ്പ്യൻസ് ലീഗുകളും രണ്ട് വീതം ക്ളബ് ലോകകപ്പുകളും യൂറോപ്യൻ സൂപ്പർ കപ്പുകളും സ്പാനിഷ് സൂപ്പർ കപ്പുകളും ഇപ്പോഴത്തേതും കൂട്ടി രണ്ട് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടുന്നു.
2018ൽ റയലിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതിന് അഞ്ചുദിവസങ്ങൾക്ക് ശേഷം സർവ്വരെയും ഞെട്ടിച്ചുകൊണ്ട് സിദാൻ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു.തനിക്കും ക്ളബിന് ഒരു മാറ്റം വരട്ടെ എന്ന ചിന്തയിൽ നിന്നായിരുന്നു ആ പടിയിറക്കം.ക്ളബിന് മാറ്റം വന്നു എന്നത് സത്യം. എന്നാൽ അത് റയൽ ആരാധകർക്ക് സന്തോഷം പകരുന്ന രീതിയിൽ ആയിരുന്നില്ലെന്ന് മാത്രം. സിദാൻ പോയശേഷം റയൽ തോൽവികളിലേക്ക് കൂപ്പുകുത്താൻ തുടങ്ങി.
കിംഗ്സ് കപ്പിൽ ബാഴ്സലോണയോടും ചാമ്പ്യൻസ് ലീഗിൽ അയാക്സിനോടും തോറ്റത് വലിയ നാണക്കേടായി. സിദാന് പകരക്കാരാനായി വന്ന പഴയ കളിക്കൂട്ടുകാരൻ സാന്റിയാഗോ സ്കൊളാരിയും പിന്നെയെത്തിയ യൂലെൻ ലൊപ്ടേഗുയിയും കാലം തികയ്ക്കാതെ കളമൊഴിഞ്ഞപ്പോൾ ക്ളബ് അധികൃതർ പിന്നെയും സിദാനിൽ ആശ്രയം കണ്ടെത്തുകയായിരുന്നു. ഇൗ രണ്ടാം വരവിലെ സിസുവിന്റെ ആദ്യ കിരീടം സ്പാനിഷ് സൂപ്പർ കോപ്പിലായിരുന്നു. പിന്നീട് ഇപ്പോൾ ലാ ലിഗയും. ഇനി ചാമ്പ്യൻസ് ലീഗാണ് മുന്നിലുള്ളത്. ലോക്ക്ഡൗണിന് മുമ്പ് നടന്ന ആദ്യ പാദ പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1ന് തോറ്റുനിൽക്കുകയാണ് റയൽ . രണ്ടാം പാദത്തിൽ മികച്ച വിജയം നേടിയാലേ ക്വാർട്ടറിലേക്ക് എത്താനാകൂ.
ഭാഗ്യം എന്ന ഒരു ഘടകം മാത്രമാണ് സിദാന് ഇത്രയും കിരീടങ്ങൾ നൽകിയതെന്ന് കടുത്തവിമർശകർക്ക് പോലും പറയാനാവില്ല. തന്റെ ടീമിനായി തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള സിദാന്റെ കഴിവും ഇതിനകം കണ്ടുകഴിഞ്ഞു. അക്രമണാത്മക ഫുട്ബാൾ തന്നെയാണ് സിദാൻ ലക്ഷ്യമിടുന്നത്. തന്റെ കളിക്കാരുമായി യോജിച്ചുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തുപറയേണ്ടതാണ്. ബെനിറ്റ്സ് പോകുമ്പോൾ ടീമിൽ ഇല്ലാതിരുന്ന സഹവർത്തിത്വം സിദാൻ കൊണ്ടുവന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തെ മറ്റാരെക്കാലും നന്നായി മാനേജ്ചെയ്തു. ടീം സ്പിരിറ്റ് എന്ന മരുന്ന് ആവശ്യത്തിന് എല്ലാവർക്കും നൽകാൻ സിസുവിന് കഴിഞ്ഞിരുന്നു. സിദാൻ ടീം വിട്ടപ്പോൾ നഷ്ടമായതും ഇൗ കൂട്ടായ്മയാണ്. അദ്ദേഹം തിരിച്ചുവന്നപ്പോൾ റയലിന്റെ ഡ്രെസിംഗ് റൂമിലെ ഒരുമയും മടങ്ങിയെത്തി.താനും ഒരു കാലത്തെ വർണപ്പട്ടമായിരുന്നു എന്ന ഭാവം ഇല്ലാതെ ഇന്നത്തെ തലമുറയോട് സംവദിക്കാൻ കഴിയുന്നതാണ് സിദാന്റെ മന്ത്രവടി.
മുൻ കളിക്കാരനെന്ന നിലയിൽ കളിയുടെ ഗതി ടച്ച്ലൈനിനരികിൽനിന്ന് വായിച്ചറിയാൻ സിദാൻ മിടുക്കനാണ്. അതുകൊണ്ടുതന്നെ സിദാൻ പലപ്പോഴും നടത്തുന്ന സബ്സ്റ്റിറ്റ്യൂഷനുകൾ കളിയുടെ വിധിതന്നെ മാറ്റിയെഴുതിയിട്ടുണ്ട്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രത്തിന്റെ തേയ്മാനം വരുന്ന പാർട്സുകൾ കൃത്യസമയത്ത് കണ്ടെത്തി മാറ്റിയുടുന്ന മെക്കാനിക്കിനെപ്പോലെയാണ് സിസുവെന്ന് പറയാറുണ്ട്. റയലിന്റെ പഴയ കോച്ച് കാർലോ ആഞ്ചലോട്ടിയോടാണ് സിദാന്റെ കോച്ചിംഗ് ശൈലിക്ക് സാമ്യം. ഫ്ളാങ്കുകളിലൂടെ അക്രമിച്ച് കയറുന്നതാണ് ഇഷ്ടം.
സ്വർഗത്തിൽ നിന്ന് പ്രത്യേക അനുഗ്രഹം ലഭിച്ചയാളെന്നാണ് സിദാനെ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് വിശേഷിപ്പിക്കുന്നത്. എന്നാൽ താൻ അങ്ങനെ പ്രത്യേകമായ ആളല്ല എന്ന് സിദാൻ പറയുന്നു. കഠിനാദ്ധ്വാനമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും സിദാൻ പറയുന്നു. അത് തന്നെയാണ് ശരിയും. അതുകൊണ്ടാണ് സിദാൻ ഇക്കാലത്തെ അത്ഭുത സിസു ആയി മാറുന്നതും.
സ്വർഗത്തിൽ നിന്ന് പ്രത്യേക അനുഗ്രഹം ലഭിച്ചയാളാണ് സിസു. അദ്ദേഹം തൊടുന്നതെല്ലാം കിരീടമായി മാറും. ഇൗ ലാ ലിഗ കിരീടത്തിന്റെ ശിൽപ്പി അദ്ദേഹമാണ്.
ഫ്ളോറന്റീനോ പെരസ്
റയൽ മാഡ്രിഡ് പ്രസിഡന്റ്
എനിക്ക് എന്തെങ്കിലും അത്ഭുത സിദ്ധിയുള്ളതുകൊണ്ടല്ല ഇത്രയും കിരീടങ്ങൾ നേടാൻ കഴിഞ്ഞത്. ഇത് ഞങ്ങളുടെ ഒത്തൊരുമയുടെ ഫലമാണ്.മകച്ച ടീമാണ് ഇപ്പോൾ ഞങ്ങളുടേത്. അത് കളിക്കളത്തിലും പ്രതിഫലിക്കുന്നുവെന്നേയുള്ളൂ.കോച്ചിംഗ് കരിയറിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത് ലാ ലിഗ കിരീടമാണ്. ഒരുപക്ഷേ ചാമ്പ്യൻസ് ലീഗിനും മുകളിൽ. 38 മത്സരങ്ങളിൽ മികവുകാട്ടിയാലേ ലാ ലിഗ നേടാനാകൂ.എന്റെ കളിക്കാരുടെ അതുല്യമായ പ്രകടനത്തെ വാഴ്ത്താൻ വാക്കുകളില്ല.
- സിനദിൻ സിദാൻ
കോച്ച് സിദാന്റെ കിരീടങ്ങൾ
ചാമ്പ്യൻസ് ലീഗ് : 2016-16,2016-17,2017-18
സ്പാനിഷ് ലാ ലിഗ : 2015-16,2019-20
ക്ളബ് ലോകകപ്പ് : 2016,2017
യൂറോപ്യൻ സൂപ്പർകപ്പ് : 2016,2017
സ്പാനിഷ് സൂപ്പർകപ്പ് : 2017,2019
സിദാൻ കരിയർ ഗ്രാഫ്
1989 ൽ ഫ്രഞ്ച് ക്ളബ് കാൻസിലൂടെയാണ് അൾജീരിയൻ വംശജനായ സിദാൻ പ്രൊഫഷണൽ കരിയറിലേക്ക് ചുവടുവച്ചത്.
1992 മുതൽ നാലുവർഷം ഫ്രഞ്ച് മുൻനിര ക്ളബ് ബോർഡിയക്സിനായി കളിച്ചു
1996ൽ ഇറ്റാലിയൻ ക്ളബ് യുവന്റസിലെത്തി.
2001ൽ റയൽ മാഡ്രിഡിന്റെ കളിക്കാരനായി.
2006ൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു.
1994-2006 കാലയളവിൽ ഫ്രാൻസിനായി 108 മത്സരങ്ങൾ കളിച്ചു. 1998ലെ ലോകകപ്പും 2000ത്തിലെ യൂറോകപ്പും നേടിയ ടീമിലെ അംഗം. 98 ലോകകപ്പ് ഫൈനലിൽ ബ്രസീലിനെതിരെ നേടിയ ഇരട്ടഗോളോടെ ദേശീയ ഹീറോയായി. 2002,2006 ലോകകപ്പുകളിലും കളിച്ചു. 2006 ലോകകപ്പ് ഫൈനലിലെ തലകൊണ്ടിടി കുപ്രസിദ്ധമായി.
2014 ൽ റയൽ മാഡ്രിഡിന്റെ അക്കാഡമിയായ കാസ്റ്റില്ലയുടെ പരിശീലകനായി പുതിയ കരിയർ ആരംഭിച്ചു.
2016ൽ റയൽ മാഡ്രിഡ് സീനിയർ ടീമിന്റെ പരിശീലകൻ
2018 ൽ സ്ഥാനമൊഴിഞ്ഞു. അടുത്തകൊല്ലം തിരിച്ചെത്തി.
34
സ്പാനിഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗിൽ റയൽ മാഡ്രിഡ് ഇതുവരെ നേടിയ കിരീടങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ തവണ ലാ ലിഗ കിരീടം നേടുന്ന ക്ളബും റയൽതന്നെ .
66
ലാ ലിഗയ്ക്കൊപ്പം സ്പാനിഷ് ആഭ്യന്തര ലീഗുകളിലും ടൂർണമെന്റുകളിലുമായി റയൽ ആകെ നേടിയ കിരീടങ്ങളുടെ എണ്ണം.
26
യൂറോപ്യൻ കിരീടങ്ങളും മാഡ്രിഡിലെ മാന്ത്രികന്മാരുടെ അലമാരയിലെത്തിയിട്ടുണ്ട്.
റയലിന്റെ ലാ ലിഗ നേട്ടങ്ങൾ ഇൗവർഷങ്ങളിൽ
1931–32, 1932–33, 1953–54, 1954–55, 1956–57, 1957–58, 1960–61, 1961–62, 1962–63, 1963–64, 1964–65, 1966–67, 1967–68, 1968–69, 1971–72, 1974–75, 1975–76, 1977–78, 1978–79, 1979–80, 1985–86, 1986–87, 1987–88, 1988–89, 1989–90, 1994–95, 1996–97, 2000–01, 2002–03, 2006–07, 2007–08, 2011–12, 2016–17, 2019–20
റയലിന്റെ സീസൺ
ഇൗ സീസണിൽ 38 മത്സരങ്ങളിൽ 26 എണ്ണത്തിലും വിജയിച്ചാണ് റയൽ കിരീടം ചൂടുന്നത്. 9 മത്സരങ്ങളിൽ സമനില വഴങ്ങിയ റയൽ മൂന്നെണ്ണത്തിൽ മാത്രമേ തോൽവികൾ വഴങ്ങിയുള്ളൂ. ഇൗ സീസണിൽ ബാഴ്സലോണയ്ക്കെതിരായ എൽ ക്ളാസിക്കോകളിൽ ഒന്നിലും തോറ്റില്ല എന്നത് കിരീടവിജയത്തിന് അലങ്കാരമാണ്. ഡിസംബറിൽ നടന്ന എവേ മാച്ചിൽ ഗോൾരഹിത സമനില പാലിക്കുകയും മാർച്ചിൽ നടന്ന ഹോം മാച്ചിൽ 2-0ത്തിന് ജയിക്കുകയുമായിരുന്നു റയൽ.
ബാഴ്സലോണയ്ക്ക് ഇൗ സീസണിൽ 25 വിജയങ്ങളേ നേടാനായുള്ളൂ.ഏഴ് സമനിലകളും ആറ് തോൽവികളും.
10/11
ലോക്ക്ഡൗണിന് ശേഷം നടന്ന 11 മത്സരങ്ങളിൽ പത്തിലും റയൽ വിജയം നേടി.ഇൗ സ്ഥിരതയാർന്ന പ്രകടനമാണ് ലോക്ക്ഡൗണിന് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്ന റയലിനെ ജേതാക്കളാക്കിയത്. ഒപ്പം ബാഴ്സലോണ മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങിയതും റയലിന് അനുഗ്രഹമായി. അവസാന മത്സരത്തിൽ ലെഗനേസിനെതിരെ മാത്രമാണ് റയലിന് ജയിക്കാൻ കഴിയാതിരുന്നത്.
11
റയൽ മാഡ്രിഡിന്റെ പരിശീലകനെന്ന നിലയിൽ 11-ാമത്തെ കിരീടമാണ് സിദാൻ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാമത്തെ ലാ ലിഗ കിരീടം. തുടച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ചരിത്രം കുറിച്ചു. രണ്ട് വീതം സ്പാനിഷ് സൂപ്പർ കപ്പുകളും യുവേഫ സൂപ്പർ കപ്പുകളും ഫിഫ ക്ളബ് ലോകകപ്പുകളും കൂടി സിദാൻ എന്ന പരിശീലകന്റെ അക്കൗണ്ടിലുണ്ട്. റയൽ മാഡ്രിഡ് കളിക്കാരനായി ഒരു തവണയേ 'സിസു'വിന് ലാ ലിഗ കിരീടമുയർത്താൻ കഴിഞ്ഞിട്ടുള്ളൂ.