padappara

കൂടൽ: വിശ്വാസവും വിസ്മയവും ഒരുമിക്കുകയാണ് അതിരുങ്കലിലെ പടപ്പാറയിൽ. പാറയുടെ മുകളിൽ നിന്നാൽ കോന്നി താലൂക്കിലെ നിരവധി പ്രദേശങ്ങൾ കാണാം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മുറിഞ്ഞകൽ ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ പടപ്പാറയിലെത്താം. അതിരുങ്കൽ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. പാറയുടെ മുകളിൽ വറ്റാത്ത കുളവും മനോഹരമായ ക്ഷേത്രവുമുണ്ട്. ഇവിടെ നിന്ന് സൂര്യോദയവും അസ്തമയം കാണുന്നത് മനോഹരമാണ്. മുകളിലേക്ക് കയറാൻ പടികൾ കൊത്തി ഉണ്ടാക്കിയിട്ടുണ്ട്. പാറയ്ക്ക് മുകളിൽ എപ്പോഴും നല്ല കാറ്റാണ്. പലതരം പൂക്കളും ചിത്രശലഭങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞതാണ് പ്രദേശം.

കിഴക്കൻ മലയോര ഗ്രാമങ്ങളായ മുറിഞ്ഞകൽ, കുളത്തുമൺ, പോത്തുപാറ, കാരയ്ക്കാകുഴി, അഞ്ച്മുക്ക്, തിടി, ഇഞ്ചപ്പാറ, പാക്കണ്ടം, എലിക്കോട് എന്നീ ഗ്രാമങ്ങളെ കാത്ത് സൂക്ഷിക്കുന്ന മലനിരകളായ ഇഞ്ചപ്പാറമല, കള്ളിപ്പാറമല , പോത്തുപാറമല, രാക്ഷസൻപാറ, കുറവൻ കുറത്തിപ്പാറ, പുലിപ്പാറ എന്നീ മലനിരകളിൽപ്പെട്ടതാണ് പടപ്പാറയും. ഗുരു നിത്യചൈതന്യയതി ധ്യാനത്തിനും പുസ്തക രചനയ്ക്കും തിരഞ്ഞെടുത്ത മലനിരകളാണിത്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ കാലവസ്ഥയെപ്പോലും നിയന്ത്രിക്കുന്നതിന് പടപ്പാറയ്ക്ക് പങ്കുണ്ട്. പുലിപ്പാറയിൽ നിന്ന് തുടങ്ങി പടപ്പാറയിലവസാനിക്കുന്ന മലനിരകൾ കിലോമീറ്ററുകളാണ് വ്യാപിച്ച് കിടക്കുന്നത്. 1994 ൽ പടപ്പാറയുമായി ബന്ധപ്പെട്ട് കിടക്കുന്ന രാക്ഷസൻ പാറയിൽ പാറപ്പൊട്ടിക്കാൻ ആദ്യനീക്കം നടന്നപ്പോൾ ഗുരു നിത്യചൈതന്യയതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.