ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ ഉടൻ വിതരണം ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മനുഷ്യരുടെ പൊതുവായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുളള മരുന്നുകൾ വിതരണം ചെയ്യാൻ ഹോമിയോപ്പതി വകുപ്പ് തീരുമാനിച്ചിട്ടും തിരുവൻവണ്ടൂർ പഞ്ചായത്തിൽ മരുന്നുകൾ വിതരണം ചെയ്യുന്നില്ല.
കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് മരുന്ന് വിതരണം നടത്തേണ്ടത്. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഇതിന് തയാറാകുന്നില്ല.ഹോമിയോ ഡിസ്‌പെൻസറി ഇല്ലാത്ത പ്രദേശത്ത് പഞ്ചായത്ത് ആവശ്യപ്പെടുന്ന മുറയ്ക്ക് ഹോമിയോപ്പതി വകുപ്പ് മരുന്ന് എത്തിച്ചു നൽകും. എന്നാൽ ഈ സൗകര്യങ്ങൾ ഒന്നും പ്രയോജനപ്പെടുത്താതെ ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കാതിരിക്കുകയാണ്.
രോഗവ്യാപനത്തിൽ നിന്ന് ജനങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ മരുന്നുകൾ പഞ്ചായത്തിൽ വിതരണം ചെയ്യാൻ അധികാരികൾ തയാറാകണമെന്ന് സജു ഇടക്കല്ലിൽ പറഞ്ഞു.