ഇന്ത്യയ്ക്ക് മഹാമാരിയുടെ കാലത്തും മെച്ചപ്പെട്ട തോതിൽ വിദേശ മൂലധനം നേടാനായി. ഈ വർഷം ഏപ്രിൽ മുതൽ ജൂലായ് വരെ 2000 കോടി ഡോളറിന്റെ അന്യരാജ്യ നിക്ഷേപം ഇന്ത്യയിലെത്തി എന്നു പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തി. നമ്മുടെ രാജ്യത്തെ ഡിജിറ്റൽ ഭൂമികയിലേക്കാണ് ഇത്തരം പണം ഒഴുക്കിന്റെ നല്ലൊരുപങ്കും എത്തി കൊണ്ടിരിക്കുന്നത്. ലോകത്തെ ടെക് ഭീമന്മാരായ ഗൂഗിളും ഫേസ്ബുക്കും തമ്മിലുള്ള ഡിജിറ്റൽ യുദ്ധം ഭാരത ഭൂമിയിലും എത്തിയിരിക്കുന്നു. വരുന്ന 5-7 വർഷങ്ങൾക്കുള്ളിൽ 1000കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ഗൂഗിൾ, അതിൽ 400 കോടി ഡോളർ താമസംവിനാ ജിയോ തട്ടകങ്ങളിൽ നിക്ഷേപിക്കും. ഫേസ്ബുക്കിന്റെ 570 കോടി ഡോളറിന്റെ മുതൽമുടക്ക് ഇതിനകംതന്നെ ജിയോയിൽ എത്തിക്കഴിഞ്ഞു. അമേരിക്കൻ കമ്പനിയായ ക്വാൽകോം 9.7 കോടി ഡോളറാണ് ജിയോയിൽ നിക്ഷേപിക്കുന്നത്. അമേരിക്കയിലെ ഓൺലൈൻ വാണിഭ കമ്പനിയായ വാൾമാർട്ട് ഇന്ത്യയിലെ ഫ്ലിപ്കാർട്ടിൽ നിക്ഷേപിക്കുന്നത് 120 കോടി ഡോളറാണ്. ടെലികോം കമ്പനിയായ എയർടെല്ലിൽ സിംഗപ്പൂരിലെ കമ്പനികളുടെ നിക്ഷേപവും നടക്കുന്നുണ്ട്.
നമ്മുടെ ഓഹരി കമ്പോളങ്ങളിലും മറ്റും എത്തുന്ന വിദേശ നിക്ഷേപം'ക്ഷണപ്രഭാചഞ്ചലം" എന്നു പറയുന്നതുപോലെ അസ്ഥിരമാണ്. മോദി സർക്കാരിന്റെ ഒന്നാം ഊഴത്തിലെ ആദ്യ രണ്ടു വർഷങ്ങളിൽ നേരിട്ടുള്ള നിക്ഷേപം കാര്യമായി ഉയർന്നെങ്കിലും പിന്നെയുള്ള മൂന്നു വർഷങ്ങളിൽ ചെറിയ വളർച്ചയേ ഉണ്ടായുള്ളൂ. എന്നാൽ രണ്ടാമൂഴത്തിന്റ ആദ്യവർഷമായ 2019-20ൽ18 ശതമാനം വളർച്ചയിലൂടെ 7300 കോടി ഡോളർ നേടുവാനായി; നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കുന്നതിൽ ലോകത്തെ ഒമ്പതാം സ്ഥാനത്ത് ഇന്ത്യ എത്തുകയും ചെയ്തു.
വിദേശ നിക്ഷേപത്തിന്റെ ഡിജിറ്റൽ രംഗങ്ങളിലേക്കുള്ള ഒഴുക്കിന് പല കാരണങ്ങളുണ്ട്. മുൻപ് തന്നെ ഈ രംഗങ്ങൾ വളർന്നു വരികയായിരുന്നു എങ്കിലും കോവിഡ് കാലം വളർച്ചയുടെ തോത് ഗണ്യമായി ഉയർത്തി; ഡേറ്റാ ഉപഭോഗം 15 ശതമാനം ഉയർന്നെന്നാണ് കണക്ക്. വിനോദം, വിദ്യാഭ്യാസം, കൊടുക്കൽ വാങ്ങലുകൾ, സംവദിക്കൽ, ആരോഗ്യം തുടങ്ങിയുള്ള ജനജീവിത ഇടങ്ങളിലേക്കെല്ലാം, ഓൺലൈൻരീതികൾ വൻതോതിൽ കടന്നു കയറിയപ്പോൾ വർദ്ധിച്ചത് രാജ്യത്തെ ഡിജിറ്റൽ സമ്പത്ത് വ്യവസ്ഥയുടെ ആഴവും പരപ്പും ആയിരുന്നു. ഗുണം ചെയ്യുന്ന മേഖലകളിലേക്ക് അന്യരാജ്യങ്ങളിൽ നിന്നടക്കമുള്ള മൂലധന നിക്ഷേപമൊഴുകുന്നത് സ്വാഭാവികം. സാങ്കേതികവിദ്യയുടെ തലങ്ങളിൽ അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായും ഇന്ത്യയിലേക്ക് നിക്ഷേപം വരുന്നുണ്ട്. അപാര സിദ്ധികളുള്ള 5ജി. സങ്കേതം വികസിപ്പിച്ചെടുത്ത ജിയോയിലേക്ക് ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും കഴിവുകൾ കൂടി സന്നിവേശിക്കപ്പെടുമ്പോൾ അത് ഭീഷണിയാകുന്നത്, 5ജി.യിൽ ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം നടത്തിക്കൊണ്ടിരിക്കുന്ന ചൈനീസ് കമ്പനിയായ ഉവാവെക്കാണ്. ചൈനയുടെ 59 ആപ്പുകൾ ഉപരോധിച്ചത് മൂലമുണ്ടായ സാധ്യതകളും വിദേശനിക്ഷേപത്തിന് പ്രചോദനമാകുന്നു. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ഇന്റർനെറ്റ് കണക്ഷൻ ഉള്ളത് ഇന്ത്യയിലാണെന്നതും ഡേറ്റാ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണെന്നുള്ളതും വിദേശ കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്. രാജ്യത്തെ 50 ശതമാനം പേർക്ക് കണക്ടിവിറ്റി ഇല്ലെന്നുള്ള നമ്മുടെ പരിമിതി, സാധ്യതകളുടെ കവാടമായി കണ്ടും ഇവിടേക്ക് നിക്ഷേപമെത്തുന്നു. സമൂഹമാധ്യമമടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യുവജന സംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
കോവിടിന് മുൻപ് തന്നെ താഴ്ന്ന്പൊയ്ക്കൊണ്ടിരുന്ന സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വളർത്തിയെടുക്കാൻ സ്വദേശിയ നിക്ഷേപം മാത്രംപോരെന്നുള്ള ഈ സാഹചര്യത്തിൽ വിദേശനിക്ഷേപം ഉയരുന്നത് സഹായകരമാകും. പുറത്തുനിന്നുള്ള നിക്ഷേപം വരുമ്പോൾ അതിനോടൊപ്പം മെച്ചപ്പെട്ട സാങ്കേതിക വിദ്യയും നൈപുണ്യവും മാനേജ്മെൻറ് വൈദഗ്ധ്യവും കൂടി എത്തുമെന്നുള്ളത് രാജ്യത്തിന് ഗുണകരമാകും.
പക്ഷേ, ഇതിനോടൊപ്പം തന്നെ വിദേശനിക്ഷേപമെന്നത് ഇരുതല മൂർച്ചയുള്ള വാളാണെന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റൽ രംഗത്തെ വിദേശ സാന്നിധ്യം വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്കും, സ്വകാര്യതയുടെ ഭംഗത്തിനിട വരുത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. സ്വകാര്യ വിവര സംരക്ഷണത്തിനുള്ള നിയമം ഇനിയും വരാത്ത രാജ്യമാണ് ഇന്ത്യയെന്നു ള്ളത് വലിയ പരിമിതി ആകുന്നു.
വിദേശകമ്പനികൾ നമ്മുടെ ജനങ്ങളിൽനി ന്നുണ്ടാക്കുന്ന ലാഭമത്രയും പുറത്തേക്ക് കൊണ്ടു പോകാനിടയുണ്ട്. ലാഭത്തിന്റെ ഒരു ഭാഗമെങ്കിലും ഇവിടെത്തന്നെ നിക്ഷേപിക്കുന്നതിന് വ്യവസ്ഥ ഉണ്ടാക്കാവുന്നതാണ്.
ജിയോയും ഗൂഗിളും ഫേസ്ബുക്കും ഒരുമിച്ചുകൂടി ചേരുമ്പോൾ അതൊരു വൻശക്തിയായി തീരും. അതുകൊണ്ടുതന്നെ കുത്തകകളുടെ പെരുമാറ്റരീതികളിലേക്ക് വഴുതി പോയാലും അവരെ നിയന്ത്രിക്കാൻ നമുക്ക് കഴിയണം.