കേരളത്തിൽ മാർച്ച് 25 മുതലുള്ള കാലയളവിൽ 66 കുട്ടികളാണ് ആത്മഹത്യചെയ്തത്. കുട്ടികളുടെ ആത്മഹത്യാ സ്വഭാവം ലോകമാസകലം തന്നെ ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. ആത്മഹത്യ ഒരു മാനസികാരോഗ്യ പ്രശ്നമാണെന്നും അത് പ്രതിരോധിക്കാനാകുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.
തകരുന്ന പൊതുമാനസികാരോഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളുടെ ആത്മഹത്യാ സ്വഭാവം പരിശോധിക്കേണ്ടത്.കുട്ടി മനസ്സിന്റെവ്യാപാര ഭൂമികകളായ കുടുംബം, അയൽപക്കം, വിദ്യാലയം, സമപ്രായസൗഹൃദങ്ങൾ, വിനോദ-വിജ്ഞാന മാദ്ധ്യമങ്ങൾ എന്നിവയെല്ലാം ഇന്ന് പൊതുവെ മാനസിക സുസ്ഥിതി ഉറപ്പാക്കുന്ന ഇടങ്ങളല്ലാതായിരിക്കുന്നു. ഇവിടെ നിന്നു തന്നെയാണ് കുട്ടികളുടെ മനസിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർന്നു വരുന്നതും. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലുണ്ടായ വർധനവും അതു അവരിൽ പൊതുവായി സൃഷ്ടിച്ച അരക്ഷിത ബോധവും അവരുടെ നെഗറ്റിവ് ചിന്തകളെ ഉറപ്പിക്കുന്നു. ഈ ദുരവസ്ഥയുടെ പ്രതിഫലനം അവരുടെ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളിൽ മാത്രമല്ല കുറ്റകൃത്യ വാസനയിലും പ്രകടമാണ്.
ആത്മഹത്യയും നരഹത്യയും സംഹാരാത്മകമായ മാനസികോർജത്തിന്റെ രണ്ടു വശങ്ങൾ മാത്രം. ഒന്നു പുറത്തേക്കും മറ്റേത് അകത്തേക്കും പ്രവഹിക്കുന്നു എന്നു മാത്രം. കുട്ടികളുടെ ആത്മഹത്യാ സ്വഭാവത്തിന് അപായ ഘടകങ്ങളും സുരക്ഷാ ഘടകങ്ങളുമുണ്ട്. വിഷാദം, തീവ്ര ഉത്കണ്ഠാ പ്രശ്നങ്ങൾ, ആഹാരരീതി തകരാറുകൾ, മുമ്പു നടത്തിയ ആത്മഹത്യാ ശ്രമങ്ങൾ എന്നീ വ്യക്തിഗത കാര്യങ്ങൾ അപകടകരമാണ്. സ്വയം നിയന്ത്രണ ശേഷിയില്ലായ്മ പോലുള്ള വ്യക്തിത്വ പ്രശ്നങ്ങളും. ഒരു ആഗ്രഹത്തിന്റെ നിറവേറൽ അവർക്കു മാറ്റിവയ്ക്കാൻ കഴിയില്ല. അനന്തര ഫലങ്ങളെപ്പറ്റിയുള്ള ചിന്തയില്ലാതെ പ്രവർത്തിച്ചു കളയും.
പ്രശ്നപരിഹരണ ശേഷിക്കുറവ്, എല്ലാറ്റിനെയും ഒന്നുകിൽ നല്ലത്, അല്ലെങ്കിൽ ചീത്ത എന്ന വിധത്തിൽ മാത്രം കാണുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിന്താരീതി, എല്ലാം പൂർണമായും കുറ്റമറ്റതായിരിക്കണമെന്ന ശാഠ്യം എന്നിവയും അപകട ഘടകങ്ങളാണ്.
ബാഹ്യ അപായ ഘടകങ്ങളിൽ കടുത്ത ശാരീരിക-മാനസിക ശിക്ഷകൾ,ലൈംഗിക പീഡനം, ഗാർഹിക അക്രമം,പ്രത്യാശാ രാഹിത്യം, പരാജയങ്ങളിലുള്ള നിരാശ, തന്നെപ്പറ്റിയുള്ള മറ്റുള്ളവരുടെ അമിത പ്രതീക്ഷകൾ,പരിഹാസം, അതിരു വിട്ട കുറ്റപ്പെടുത്തൽ, കൂടപ്പിറപ്പുകളും ബന്ധുക്കളുമായുള്ള അനാവശ്യ താരതമ്യം, കുടുംബാംഗങ്ങളുമായുള്ള സംഘർഷാത്മക ബന്ധങ്ങൾ, കുത്തുവാക്കുകൾ, ശപിക്കൽ, തെറിവാക്കുകൾക്കു ഇരയാകൽ, ശരിയായ ആശയവിനിമയത്തിനുള്ള അവസരമില്ലായ്മ, ഒറ്റപ്പെടൽ തുടങ്ങിയവ ഉൾപ്പെടുന്നു. അവരുടെ ജീവിതത്തിലെ വൈകാരികാഘാതമുണ്ടാക്കുന്ന സംഭവങ്ങളും ആത്മഹത്യാ ചിന്തകളിലേക്കു വഴി തുറക്കുന്നവയാണ്.
അപായ സൂചനകൾ
ലഹരി വസ്തുക്കളുടെ ഉപയോഗവും ആത്മഹത്യ ചെയ്യാനുള്ള ഉപാധികളുടെ സാന്നിധ്യവും സുലഭ്യതയും ആത്മഹത്യാ ചിന്തകളെ സ്വാധീനിക്കുന്നണ്ട്. സുരക്ഷാഘടകങ്ങൾ ആത്മഹത്യാ സാധ്യതകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നവയാണ്. പ്രശ്ന പരിഹരണ ശേഷികൾ,ശക്തമായ കുടുംബബന്ധം, സുഹൃദ്ബന്ധങ്ങൾ, സാമൂഹ്യ പിന്തുണ, ലഹരി വസ്തുക്കളുടെ നിരുപയോഗം, ആത്മഹത്യാ സ്വഭാവത്തെ നിരുത്സാഹപ്പെടുത്തുന്ന സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങൾ തുടങ്ങിയവയാണ് സുരക്ഷാ ഘടകങ്ങൾ. കൗമാര ആത്മഹത്യാ പ്രതിരോധംഅപായ ഘടകങ്ങൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തുകൊണ്ടുംസുരക്ഷാ ഘടകങ്ങൾ ഉയർത്തിയുമുള്ള തന്ത്രമാണ് പ്രതിരോധത്തിൽ ആവിഷ്കരിക്കുന്നത്. അപായ സൂചനകളിലൂടെ ആത്മഹത്യാ സാധ്യത മനസിലാക്കി പ്രവർത്തിക്കാനും കഴിയും. മരണത്തെപ്പറ്റിയും സ്വയം മുറിപ്പെടുത്തുന്നതതിനെപ്പറ്റിയുമുള്ള സംസാരം, നിസ്സംഗത, സങ്കടം, ഉൾവലിയൽ, കടുത്ത മാനസികാസ്വാസ്ഥ്യം തുടങ്ങിയ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ, ഉറക്കത്തിന്റെ രീതിയിലും ആഹാര രീതിയിലും വരുന്ന മാറ്റങ്ങൾ എന്നിവയാണ് അപായ സൂചനകൾ.
സാമൂഹ്യ മാനസികാരോഗ്യ വികസന പദ്ധതികളോടൊപ്പം, കുടുംബങ്ങളെ കേന്ദ്രമാക്കിക്കൊണ്ടുള്ള മാനസികാരോഗ്യ പോഷണ പരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്. ശരിയായ പേരന്റിംഗ് ശേഷികൾ വളർത്തുന്നതിനുള്ള പരിശീലന ക്ലാസുകൾ രക്ഷാകർത്താക്കൾക്കു നൽകണം. കുട്ടികളെ വ്യക്തിഗതമായും പ്രായത്തിന്റെയോ പഠിക്കുന്ന ക്ലാസിന്റെയോ അടിസ്ഥാനത്തിൽ സംഘങ്ങളാക്കി തിരിച്ചും ഇത്തരം പരിപാടികൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയും. പ്രവർത്തനാധിഷ്ഠിത കൗൺസലിംഗ് സമ്പ്രദായം പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ പ്രയോജനപ്രദമാണ്.വൈകാരിക ബുദ്ധി വികസനമെന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വൈകാരിക വിദ്യാഭ്യാസത്തിന് ഊന്നൽകൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.