
കോട്ടയം: ഉണരൂ ഉപഭോക്താവേ ഉണരൂവെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറഞ്ഞുപഠിപ്പിച്ചിട്ടും ഗ്രാമീണ ഉപഭോക്താക്കൾ ഉറക്കത്തിൽ. ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനുകളിൽ പരാതി നൽകി നീതി തേടുന്നവരിൽ 98 ശതമാനം പേരും നഗരവാസികളാണ്. ഗ്രാമങ്ങളിലുള്ളവർ വഞ്ചിക്കപ്പെടാത്തതുകൊണ്ടല്ല, ഉപഭോക്തൃനിയമത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് പരാതിപ്പെടാത്തതെന്ന് വ്യക്തം.
സാധനമോ സേവനമോ ഗുണനിലവാരമില്ലാത്തതാണെങ്കിൽ ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകാമെങ്കിലും ഗ്രാമവാസികൾ പരാതി നൽകാൻ മെനക്കെടുന്നില്ലെന്നാണ് കണക്കുകൾ. ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്നതാണ് കഴിഞ്ഞയാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം. നേരത്തേ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ഒരേസമയം സിവിൽ, ക്രിമിനൽ അധികാരങ്ങളുള്ള കമ്മിഷനുകളായി.
ഒരുകോടി രൂപ വരെയുള്ള പരാതികൾ ജില്ലാ കമ്മിഷനിലും 10 കോടി രൂപ വരെ സംസ്ഥാന കമ്മിഷനിലും അതിനു മുകളിൽ ദേശീയ കമ്മിഷനിലും പരിഗണിക്കും. പരാതികൾ 30 ദിവസത്തിനകം തീർപ്പാക്കണമെന്നത് നിർബന്ധവുമാക്കി. സാധനം വാങ്ങിയ സ്ഥലത്ത് പരാതി നൽകണമെന്ന വ്യവസ്ഥയ്ക്ക് ഉപഭോക്താവിന്റെ ജില്ലയിലോ ജോലി ചെയ്യുന്ന സ്ഥലത്തോ പരാതി നൽകാമെന്നതടക്കം ഒട്ടേറെ അനുകൂല വ്യവസ്ഥകളുമുണ്ട്.
പരാതി നൽകാം
പരാതിക്കാരന്റെയും എതിർ കക്ഷിയുടെയും വിലാസമടങ്ങിയ പരാതി വെള്ളക്കടലാസിൽ നൽകാം. ഉത്പന്നം വാങ്ങിയതിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തണം. ഉത്പന്നത്തിന്റെ നിലവാരക്കുറവ്, കേടുപാട്, പ്രവർത്തനരാഹിത്യം, മായം തുടങ്ങിയവ എന്താണെന്നത് വ്യക്തമാക്കണം. ആവശ്യപ്പെടാവുന്ന നഷ്ടപരിഹാരത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
ജില്ലകളിൽ ഈ വർഷം ലഭിച്ച പരാതികൾ നഗരം, ഗ്രാമം എന്ന ക്രമത്തിൽ
തിരുവനന്തപുരം: 128-5
കൊല്ലം: 165-2
പത്തനംതിട്ട: 53-1
ആലപ്പുഴ: 148-5
കോട്ടയം: 88- 4
ഇടുക്കി: 85-4
എറണാകുളം:185-9
തൃശൂർ : 226-9
പാലക്കാട്: 65-4
മലപ്പുറം: 145-4
കോഴിക്കോട്: 89-3
വയനാട്: 74-2
കണ്ണൂർ: 99-2
കാസർകോട്: 73-3
നിയമത്തിലെ അജ്ഞതയാണ് പ്രധാന കാരണം. രണ്ടു ലക്ഷം രൂപയ്ക്കു വരെ ഒരു ഫീസും നൽകേണ്ടതില്ല. ബോധവത്കരണത്തിന് സ്കൂൾ തലം മുതൽ കൺസ്യൂമർ ഗൈഡൻസ് നടപ്പാക്കണം-
അഡ്വ. പി.സതീശ് ചന്ദ്രൻ നായർ,
ഉപഭോക്തൃ തർക്ക പരിഹാര ഫോറം മുൻ ജില്ലാ പ്രസിഡന്റ്