വന്ദ്യ പിതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്തിന് ശേഷം പതിനൊന്ന് വർഷങ്ങൾ പിന്നിട്ടുവെങ്കിലും ആ സാന്നിധ്യത്തിന്റെ അഭാവം ഹൃദയത്തിലെവിടെയോ ഒരു ശൂന്യതയായിത്തന്നെ ബാക്കിയാണ്, എനിക്കു മാത്രമല്ല, ആ സാമീപ്യം ഒരു നിമിഷമെങ്കിലും അനുഭവിക്കുകയും അറിയുകയും ചെയ്ത എല്ലാവർക്കും അങ്ങനെ തന്നെയാവണം. ശിഹാബ് തങ്ങൾ എന്ന രണ്ടു വാക്ക് പിതാവിനെ അറിഞ്ഞവർക്കൊന്നും വെറും രണ്ടുവാക്ക് മാത്രമായിരുന്നില്ല, മറിച്ച് സ്നേഹത്തിന്റെയും ആദരവിന്റെയും പര്യായങ്ങൾ കൂടിയായിരുന്നു.
മതപരവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിലെല്ലാം ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അൽപം ചിലർ മാത്രമേ ചരിത്രത്തിൽ കടന്നു പോയിട്ടുള്ളൂ. അത്തരക്കാരുടെ കൂട്ടത്തിൽ നമുക്ക് സംശയലേശമന്യേ വന്ദ്യപിതാവിന്റെ നാമം ഉൾപെടുത്താം. ഒരേസമയം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ അദ്ധ്യക്ഷനായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഹ സഞ്ചാരിയായും പിതാവ് കർമമണ്ഡലത്തിൽ സജീവമായി. അപ്പോഴൊക്കെയും സംഘടനാസങ്കുചിതത്വങ്ങൾക്കതീതമായ ഹൃദയബന്ധമായിരുന്നു പിതാവിനെ വേറിട്ടു നിറുത്തിയത്. ഒരേപോലെ എല്ലാ മതക്കാർക്കും സംഘടനാസംവിധാനങ്ങൾക്കും പിതാവ് പ്രിയങ്കരനാവുന്നത് അവിടെയാണ്.
ബാബ്റി ധ്വംസനത്തിന്റെ കറുത്ത നാളുകളിലും മറ്റനേകം സാമുദായിക സംഘട്ടനങ്ങൾ അരങ്ങേറുമായിരുന്ന പല ദുർബലസാഹചര്യങ്ങളിലും പിതാവിന്റെ ഇടപെടൽ എത്രത്തോളം കൃത്യവും സമാധാനപൂർണവുമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.
ജാതിമതഭേദമെന്യേ എല്ലാവർക്കും ഏതു പാതിരാത്രിയിലും കയറിച്ചെല്ലാവുന്ന ഇടമായിരുന്നു കൊടപ്പനക്കൽ തറവാട്. ശൈത്യവും ഉഷ്ണവും ശിശിരവും ഹേമന്തവും വർഷകാലവും മാറിമാറി വന്നാലും കൊടപ്പനക്കൽ മുറ്റത്ത് എന്നും സ്നേഹത്തിന്റെ വസന്തമായിരുന്നു, സാന്ത്വനത്തിന്റെ കുളിരായിരുന്നു, കരുതലിന്റെ തണലായിരുന്നു. എപ്പോൾ ചെന്നാലും മന്ദഹസിക്കുന്ന മുഖവുമായി സ്വീകരിക്കാൻ പൂമുഖത്ത് പിതാവുണ്ടാകുമായിരുന്നു. പ്രയാസങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി വരുന്നവർക്ക് ആ പുഞ്ചിരി മതിയായിരുന്നു, പരിഭവങ്ങളുടെ ഹിമാലയങ്ങൾ ആ സാന്നിധ്യത്തിൽ ഉരുകിയൊലിച്ചിരുന്നു.ആ സാമീപ്യം കൊതിച്ചു വന്നവരിൽ മത സാമൂഹിക രാഷ്ട്രീയനേതാക്കളും പണക്കാരും പാവപ്പെട്ടവരും പണ്ഡിതനും പാമരനുമെല്ലാം ഒരുപോലെ ഉണ്ടായിരുന്നു, എല്ലാവർക്കും അർഹിക്കുന്ന പരിഗണനയും പരിലാളനയും അവിടെനിന്ന് ലഭിച്ചു എന്നതാണ് സത്യം.
മതപഠനം കരസ്ഥമാക്കിയ ശേഷം വിദേശയൂണിവേഴ്സിറ്റികളിൽ ചെന്ന് പഠിക്കുന്ന പതിവ് കേരള മുസ്ലിം സമൂഹത്തിനിടയിൽ അത്രയേറെ വ്യാപകമല്ലാതിരുന്ന കാലത്ത് അടങ്ങാത്ത വൈജ്ഞാനിക ദാഹവുമായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അൽ അസ്ഹർ സർവകലാശാലയിൽ ചെന്ന് പുതിയ സംസ്കാരങ്ങൾക്ക് വിത്തുപാകുകയായിരുന്നു പിതാവ്. തന്റെ മക്കളെയും സമുദായത്തെയും അതേവഴിയിൽ നടത്താൻ താത്പര്യപ്പെട്ട അദ്ദേഹം ആ വഴിയിലെ സുപ്രധാന നാഴികക്കല്ലായ, അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന, മതഭൗതിക സ്ഥാപനങ്ങളുടെ വളർച്ചയിൽ അത്യധികം സന്തോഷിച്ച ആളുകൂടിയായിരുന്നു.
പിതാവിന്റെ ആത്മീയജീവിതം എന്നും ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു. മിക്കദിവസങ്ങളിലും വിദൂരദിക്കുകളിൽ നിന്നുള്ള രാത്രിപരിപാടികൾ കഴിഞ്ഞ് ഏറെ വൈകി സുബ്ഹിയോടടുത്ത സമയം വീട്ടിലെത്തിയാൽ പോലും അല്പം മയങ്ങി തുടർന്ന് തഹജ്ജുദ് നിസ്കാരവും പതിവുപ്രാർഥനകളും നടത്തിയിരുന്ന പിതാവിനെ പക്ഷെ പുറംലോകം അധികം കണ്ടിരുന്നില്ല, അതുതന്നെയായിരുന്നു താത്പര്യവും. തുടർന്ന് സുബ്ഹി നമസ്കാരവും ഖുർആൻ പാരായണവും കഴിയുമ്പോഴേക്കും പതിവുപോലെ വീണ്ടും സന്ദർശകരുടെ ഒഴുക്ക് തുടങ്ങിക്കാണും. അതിരാവിലെ തന്നെ ഏറെ പ്രയാസപ്പെട്ട് വന്നതല്ലേ എന്നുകരുതി അല്പംപോലും അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വീണ്ടും കോലായിലെ വട്ടമേശയിലിരുന്ന് സന്ദർശകരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു തുടങ്ങും; അപ്പോഴും അന്നത്തെ വിശ്രമം ബാക്കിയായിരുന്നു. പലപ്പോഴും ഇതുതന്നെ അവസ്ഥ.
സമുദായത്തിനു വേണ്ടി ഓടിനടക്കുന്നതിടയിൽ പലപ്പോഴും കുടുംബത്തിനൊപ്പം ചെലവിടാൻ സമയം ലഭിക്കാതിരിക്കുക സ്വാഭാവികമാണല്ലോ. ഏതൊരു സാമൂഹിക പ്രവർത്തകനും അനുഭവിക്കുന്ന ആ മനഃപ്രയാസം എല്ലാവരെക്കാളുമേറെ പിതാവ് അനുഭവിച്ചിട്ടുണ്ടായിരിക്കണം. പക്ഷെ അതൊക്കെയും ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായ ദൈവികപ്രീതിയെന്ന ലക്ഷ്യത്തിനു വേണ്ടിയായതിനാൽ തന്നെ പിതാവും മക്കളായ ഞങ്ങളും കുടുംബവുമൊക്കെ തരണം ചെയ്യുകയായിരുന്നു. ഇപ്പോഴും പിതാവിന്റെ മകനായി എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി തന്നെയാണ് കാണുന്നത്.
ബാപ്പയെ അല്പനേരമെങ്കിലും അനുഭവിച്ചവർക്കൊക്കെ ജീവിതകാലം മുഴുവൻ ഓർക്കാനുതകുന്ന ജീവൻതുടിക്കുന്ന ഓർമകൾ മാത്രമാവും സമ്മാനിച്ചിട്ടുണ്ടാവുക. ഒരാളുടെ ജീവിതം അർത്ഥപൂർണവും മാതൃകായോഗ്യവുമാവാൻ ഇതിൽ കവിഞ്ഞെന്താണ് വേണ്ടത്.